കാസർകോട്: പ്രമുഖ കോൺഗ്രസ് നേതാവും കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ ഉദുമ ഡിവിഷനിൽ നിന്നുള്ള മെമ്പറുമായിരുന്ന ഷാനവാസ് പാദൂർ പാർട്ടിയിൽ നിന്ന് രാജിവച്ചത് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. ചെങ്കള ഡിവിഷനിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനാണ് ഷാനവാസിന്റെ തീരുമാനം.
ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പാദൂർ കുഞ്ഞാമുഹാജിയുടെ മകനായ ഷാനവാസ് പാദൂർ കോൺഗ്രസ് നേതൃത്വത്തിന്റെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുന്നുവെന്നാണ് അറിയിച്ചത്.
കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനവും പാർട്ടി പാരമ്പര്യമുള്ളവരെ തുടർച്ചയായി തള്ളി പറയുന്നതിലും പ്രതിഷേധിച്ച് പാർട്ടിയിൽനിന്ന് രാജിവയ്ക്കുന്നതായി വാർത്താ സമ്മേളനം വിളിച്ചു ചേർത്താണ് ഇദ്ദേഹം പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ നിലപാടുകളിലെ ചാഞ്ചാട്ടം പരിധി വിടുന്നതായും ഷാനവാസ് ആരോപിച്ചിരുന്നു. ദീർഘകാലം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിതാവിനെ പിന്തുടർന്നാണ് ഷാനവാസ് കോൺഗ്രസിൽ സജീവമായത്.കുഞ്ഞാമു ഹാജിയുടെ മരണത്തിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിൽ ഉദുമ ഡിവിഷനിൽ നിന്ന് ജയിച്ചാണ് ഷാനവാസ് ജില്ലാ പഞ്ചായത്ത് അംഗമായത്.
കാസർകോട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷപദവി രണ്ടരവർഷം കഴിഞ്ഞതിനുശേഷം കോൺഗ്രസിന് വിട്ടുനൽകണമെന്ന കരാർ പാലിക്കണമെന്ന് ഷാനവാസ് യു.ഡി.എഫിൽ ആവശ്യപ്പെട്ടിരുന്നു . എന്നാൽ ലീഗ് നേതൃത്വത്തിന് വഴങ്ങി കോൺഗ്രസ് നേതൃത്വം ഇതിന് തയ്യാറായിരുന്നില്ല. ഈ ആവശ്യമുയർത്തി ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്കരിക്കുന്ന സ്ഥിതിവിശേഷം കൂടി ഉണ്ടായി.
ചെമ്മനാട് പഞ്ചായത്തിൽ തന്നോട് അടുപ്പമുള്ളവർക്ക് ജയസാദ്ധ്യതയുള്ള സീറ്റ് നൽകാത്തതിലും ഷാനവാസ് പരാതി ഉന്നയിച്ചിരുന്നു. ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ വലിയ കുടുംബബന്ധങ്ങളുള്ള ഷാനവാസിന്റെ സ്ഥാനാർത്ഥിത്വത്തെ ഇടതുമുന്നണി ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.