ഇരിക്കൂർ: കഴിഞ്ഞതവണ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പ്രധാന കക്ഷികളായ കോൺഗ്രസും മുസ്ലിംലീഗും നേർക്കുനേർ മത്സരിച്ച ഇരിക്കൂറിൽ ഇക്കുറി ഇരുപാർട്ടികളും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും റിബൽ ശല്യം മുന്നണിക്ക് കടുത്ത തലവേദനയാകുന്നു.

കോൺഗ്രസ് മത്സരിക്കുന്ന അ‌ഞ്ച് വാർഡുകളിലും തൊഴിലാളി കോൺഗ്രസിന്റെ റിബൽ സ്ഥാനാ‌ർത്ഥികൾ മത്സരരംഗത്തുണ്ട്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഏകപക്ഷീയവും നിരുത്തരവാദ പരവുമായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തൊഴിലാളി കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുന്നതെന്നാണ് ഇവരുടെ വിശദീകരണം.
മുസ്ലിം ലീഗ് മത്സരിക്കുന്ന വാർഡുകളിലും റിബൽ ശല്യം രൂക്ഷം തന്നെ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ആർ.പി. നാസറിനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാനും പാർട്ടിയിൽനിന്ന് പുറത്താക്കുവാനും പഞ്ചായത്ത് ലീഗിന്റെ സമ്പൂർണ്ണ കൗൺസിൽ യോഗം തീരുമാനിച്ചു. ആർ.പി. നാസറും റിബൽ സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ട്. പഞ്ചായത്തിലെ 12,7 വാർഡുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. മുന്നണി സ്ഥാനാർത്ഥികളുടെ ജയപരാജയത്തെ നിർണയിക്കാൻ പോന്ന വോട്ടുകൾ രണ്ട് വാർഡുകളിലും ബി.ജെ.പിക്കുണ്ടെന്നത് ഇരു മുന്നണികളും പരിഗണിക്കുന്നു.

മുസ്ലിംലീഗ് 7

കോൺ. 5

13 വാർഡുകളുള്ള പഞ്ചായത്തിൽ മുസ്ലിംലീഗ് 7 വാർഡുകളിലും കോൺഗ്രസ് 5 വാർഡുകളിലും വെൽഫെയർ പാർട്ടി ഒരു വാർഡിലും മത്സരിക്കും. കെ.ആർ. അബ്ദുൾ ഖാദർ, അഡ്വ. നിഖിൽ, കെ. രാജീവൻ എന്നിവരാണ് മത്സര രംഗത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളിൽ പ്രമുഖർ. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. നാസർ, നിലവിലെ പ്രസിഡന്റ് കെ.ടി. അനസ്, ടി.പി. ഫാത്തിമ, ടി.സി. നസിയത്ത്, എം.പി. അഷ്രഫ്, എൻ.കെ. സുലൈഖ, എൻ.കെ.കെ. മുഫീദ എന്നിവരാണ് ലീഗ് സ്ഥാനാർത്ഥികൾ.