n-k-ramachandran
എൻ.കെ.രാമചന്ദ്രൻ

കണ്ണൂർ: കാലം മാറുന്നതിനനുസരിച്ച് തിരഞ്ഞെടുപ്പും പ്രചരണവുമെല്ലാം മാറി വരുമ്പോൾ പഴയകാല തിരഞ്ഞെടുപ്പും പ്രവർത്തനങ്ങളുമെല്ലാം ഇന്നും ഒാർമ്മയിലുണ്ട് താഴെചൊവ്വ തെഴുക്കിൽ വീട്ടിൽ എൻ.കെ. രാമചന്ദ്രന്.

1970 കാലഘട്ടത്തിലെ മൈക്ക് അനൗൺസ്‌മെന്റുകളും ചുമരെഴുത്തുകളും തിരഞ്ഞെടുപ്പ് സമയത്തെ ഹരമായിരുന്നുവെന്ന് രാമചന്ദ്രൻ പറയുന്നു. മതിലുകൾ ധാരാളമില്ലാത്ത കാലഘട്ടമായതിനാൽ ടൗണിലെ ചുമരുകളിലും പാലത്തിന്റെ കൈവരികളിലുമാണ് വരയും എഴുത്തുമൊക്കെ. രാത്രി പെട്രോമാക്സ് വെളിച്ചത്തിൽ പ്രവർത്തകരെല്ലാം കൂട്ടമായി ചേർന്നാണ് വര.

കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചുവളർന്ന രാമചന്ദ്രൻ ഒാർമ്മ വച്ചനാൾ മുതൽ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു വരികയാണ്. ടെക്നോളജി വളരുന്നതിനുസരിച്ച് തിരഞ്ഞെടുപ്പ് പ്രചരണവും മാറിയതും 78 കാരനായ രാമചന്ദ്രൻ ഉൾക്കൊള്ളുന്നുണ്ട്.

കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുമായെല്ലാം അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് രാമചന്ദ്രൻ.1963 ൽ കർഷക തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ എ.കെ.ജി സംഘടിപ്പിച്ച കാൽ നടയാത്രയുമായി ബന്ധപ്പെട്ട ക്യാമ്പ് അന്നത്തെ പാർട്ടി കേന്ദ്രമായ തന്റെ വീട്ടിൽ സംഘടിപ്പിച്ചതും എ.കെ.ജിയുമയുള്ള സൗഹൃദവും രാമചന്ദ്രന് പങ്കുവയ്ക്കാനുണ്ട്. ഐ.ടി.എെയിൽ നിന്ന് പഠനം പൂർത്തിയാക്കിയ രാമചന്ദ്രനും സഹോദരനും കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരിൽ റെയിൽവെയിൽ കിട്ടിയ ജോലി നഷ്ടപ്പെട്ട അനുഭവവുമുണ്ട്.

1964 ൽ അഴീക്കോടൻ രാഘവൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ സമ്മേളനത്തിന്റെ വേദിയായതും രാമചന്ദ്രന്റെ വീടാണ്. ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രവർത്തനം ശക്തമാക്കുന്നത് 1978 ൽ എളയാവൂർ പഞ്ചായത്തിൽ കെ.സി. മാധവൻ സ്ഥാനാർത്ഥിയായി നിന്നപ്പോഴാണ്. അന്ന് 54 വോട്ടിന് മാധവൻ വിജയിക്കുകയു ചെയ്തു. 1980 ൽ ഇടതുപക്ഷസ്ഥാനാർത്ഥി ഒ. ഭരതൻ കണ്ണൂർ അസംബ്ലിയിൽ മത്സരിക്കുകയും അദ്ദേഹം 357 വോട്ടന് പരാജയപ്പെട്ട സംഭവവും മറക്കാൻ പറ്റാത്തതാണെന്ന് രാമചന്ദ്രൻ പറഞ്ഞു. ഇതേ തുടർന്ന് താഴെചൊവ്വയിൽ നിന്നും മേലെ ചൊവ്വയിലേക്ക് യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനം അക്രമാസക്തമാവുകയും രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇടപെട്ട് സംഭവം സൗമ്യമായി പരിഹരിക്കുകയുമായിരുന്നു. ഈ കാലത്തിനിടയിൽ നിരവധി സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കുകയും മർദ്ദനമുൾപ്പെടെ ഏറ്റുവാങ്ങിയിട്ടുമുണ്ട്.

1968 മുതൽ 1998 വരെ കെ.എസ്.ആർ.ടി.സിലായിരുന്നു ജോലി. സഹോദരങ്ങൾ ഉൾപ്പെടെ സർക്കാർ സർവ്വീസിൽ ആയതുകൊണ്ട് തന്നെ ഇതുവരെ സ്ഥാനാർത്ഥിയായി നിൽക്കാൻ സാധിച്ചിട്ടില്ല. റിട്ടയേർഡ് ചെയ്തതിനു ശേഷമാണ് പാർട്ടിയുമായി ബന്ധപ്പെട്ട പല ഒൗദ്യോഗിക സ്ഥാനങ്ങളും വഹിച്ചു തുടങ്ങിയത്. 25 വർഷം തൊഴിലാളി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മിക്ക തെരഞ്ഞെടുപ്പിലും ബൂത്ത് സെക്രട്ടറിയും വാർഡ് കമ്മിറ്റി സെക്രട്ടറിയുമായുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. അദ്ധ്യാപകനായിരുന്ന സി.കെ. അച്യുതന്റെയും എ.എൻ .രോഹിണിയുടെയും മകനാണ് രാമചന്ദ്രൻ.