കണ്ണൂർ: കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പിഴവ് ഇത്തവണ ആവർത്തിക്കില്ലെന്ന ആത്മവിശ്വാസത്തിൽ കരുതലോടെ പ്രവർത്തനം തുടങ്ങിയെങ്കിലും യു.ഡി.എഫിന് ഇത്തവണയും ആന്തൂർ പേടി. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ പ്രചാരണായുധമാക്കി മാറ്റിയ യു.ഡി.എഫിന് നഗരസഭയിലെ ആറു വാർസുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞില്ല. ഇതോടെ സംസ്ഥാനത്തെ പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയിൽ ഇത്തവണ ഈ വാർഡുകളിൽ ഇടതുമുന്നണി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. മോറാഴ, കാനൂൽ, കോൾ മൊട്ട, നണിച്ചേരി, ആന്തൂർ, ഒഴക്രോം എന്നിവിടങ്ങളിലാണ് സി.പി.എമ്മിന് എതിർ സ്ഥാനാർത്ഥികൾ ഇല്ലാത്തത്. നഗരസഭയിലെ 20 വാർഡിൽ കോൺഗ്രസും പതിനൊന്ന് വാർഡിൽ ബി.ജെ.പിയും സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.
ആന്തൂരിൽ കഴിഞ്ഞ തവണ എതിർസ്ഥാനാർത്ഥികളില്ലാത്തതിനാൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിനു മുമ്പ് വിജയം ഉറപ്പിച്ചിരുന്നു. 14 വാർഡുകളിലാണ് അന്ന് ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മത്സരം നടന്ന ബാക്കി 14 വാർഡുകളിലും എൽ.ഡി.എഫ് തന്നെ വിജയിച്ചു. എന്നാൽ പിന്നീട് ഈ നഗരസഭ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. അതിനാൽ ഇത്തവണ മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ കണ്ടെത്തുക യു.ഡി.എഫിന് വെല്ലുവിളിയായിരുന്നു. സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഏറ്റവും ശക്തമായ പാർട്ടി ഗ്രാമങ്ങളാണ് ആന്തൂർ നഗരസഭാപരിധിയിലെ മുഴുവൻ പ്രദേശങ്ങളും.
ഇവിടങ്ങളിൽ നിന്ന് സ്ഥാനാർത്ഥിയെ കിട്ടാൻ യു.ഡി.എഫ്. ഏറെ വിയർത്തു. 28 വാർഡുകളിൽ നാലിടത്ത് മാത്രമാണ് അതത് വാർഡുകളിൽ നിന്നുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കാനായത്. എന്നാൽ വാർഡുകളിൽ പിന്തുണയ്ക്കാൻ ആ വാർഡുകളിൽ നിന്നുള്ളവരെ കിട്ടാത്തതും യു.ഡി.എഫിന് തലവേദനയായി. ഇത്തവണ ആന്തൂർ പ്രചാരണ വിഷയമായതിനാൽ അലംഭാവം പാടില്ലെന്ന് സംസ്ഥാന നേതൃത്വം ജില്ലാ യു.ഡി.എഫ് നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നു.
ആന്തൂരിൽ കോൺഗ്രസിനെ വളർത്താൻ ഇറങ്ങിയ മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന വി. ദാസൻ വർഷങ്ങൾക്കുമുമ്പ് കൊല്ലപ്പെട്ടിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി ആന്തൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിലായിരുന്നു ദാസൻ കൊല്ലപ്പെട്ടതെന്നാണ് കോൺഗ്രസ് വാദം. ദാസന്റെ രക്തസാക്ഷിത്വം ആന്തൂരിലും പരിസരപ്രദേശങ്ങളിലും പാർട്ടി വളർത്താനുള്ള അവസരമായിട്ടും കോൺഗ്രസിന് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികൾ ഇരുമുന്നണികളും ആന്തൂരിൽ സംഘടിപ്പിച്ചിരുന്നു. ആന്തൂരിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൂടെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പദയാത്രയും നടത്തിയിരുന്നു. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ സി.പി.എം നേതൃത്വത്തിന് ഇതുവരെയും കഴിഞ്ഞില്ലെന്നത് യു.ഡി.എഫിന് പ്രതീക്ഷ നൽകി വരുന്നതിനിടയിലാണ് ആറ് വാർസുകളിലെ എൽ.ഡി.എഫിന്റെ എതിരില്ലാവിജയം ഞെട്ടിച്ചത്. എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ പോലും കഴിയാത്ത യു. ഡി.എഫിന്റെ സംഘടനാ ദൗർബല്യത്തിന് എൽ.ഡി.എഫിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് സി.പി.എം ആന്തൂർ ഏരിയാ സെക്രട്ടറി കെ. സന്തോഷ് പറഞ്ഞു.
എൽ ഡി.എഫിന് എതിരില്ലാത്ത തദ്ദേശസ്ഥാപനങ്ങൾ
ആന്തൂർ നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 1
മലപ്പട്ടം പഞ്ചായത്ത് 5
കോട്ടയം മലബാർ പഞ്ചായത്ത് 1
കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് 2