കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെയും ബന്ധുവിനെയും ഭീഷണിപ്പെടുത്തിയ കേസിൽ കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയുടെ സെക്രട്ടറി പ്രദീപ്കുമാറിനെ ആറു മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
കൊട്ടാരക്കര കോട്ടത്തലയിൽ നിന്ന് വ്യാഴാഴ്ച രാവിലെ പത്തിന് കാഞ്ഞങ്ങാടെത്തിയ പ്രദീപ് കുമാർ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫീസിലാണ് ഹാജരായത്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കൽ ഇൻസ്‌പെക്ടർ അനിൽകുമാർ കാഞ്ഞങ്ങാടെത്തിയാണ് ചോദ്യം ചെയ്തത്.
പൊലീസ് രേഖപ്പെടുത്തിയ മൊഴികൾ ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ സമർപ്പിക്കും. പരാതിക്കാരനായ വിപിൻ ലാലിന്റെ ബന്ധുവായ സ്ത്രീയെയും അമ്മാവൻ ഗിരീഷ് കുമാറിനെയും പ്രദീപ് കുമാറിനെ തിരിച്ചറിയാൻ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. വീട്ടിലും ജുവലറിയിലും എത്തിയത് പ്രദീപ് തന്നെയാണെന്ന് അമ്മാവനും ബന്ധുവും പൊലീസിനോട് പറഞ്ഞു. തനിക്ക് ഇവരെ അറിയില്ലെന്നും വാച്ച് വാങ്ങാനാണ് താൻ ജുവലറിയിൽ പോയതെന്നും പ്രദീപ് കുമാർ പറഞ്ഞു. വിപിൻലാലിന് ഭീഷണി കത്തെഴുതിയത് താനല്ലെന്നാണ് പ്രദീപ് മൊഴി നൽകിയത്. പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തതിനെ തുടർന്നാണ് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചത്.