തലശ്ശേരി: നിർമ്മാണ കമ്പനി കരിമ്പട്ടികയിൽ പെട്ടതോടെ നാലുപതിറ്റാണ്ട് നീണ്ട മാഹി -തലശ്ശേരി ബൈപാസിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. കരാറനുസരിച്ച് വരുന്ന മേയിൽ പൂർത്തിയാകേണ്ട പാലം പ്രളയവും കൊവിഡും മൂലം നീണ്ടു പോവുകയായിരുന്നു. ചതുപ്പിലൂടെയും, പുഴയ്ക്ക് മുകളിലൂടേയും കടന്ന് പോകുന്ന കിഴക്കെ പാലയാട് മുതൽ ബാലത്തിൽ വരെയുള്ള ഓവർബ്രിഡ്ജ് നിർമ്മാണത്തിനിടയിൽ തകർന്നതാണ് നിർമ്മാണ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയതിന് പിന്നിൽ.
കഴിഞ്ഞ ആഗസ്റ്റ് 26നാണ് നിട്ടൂർ ബാലത്തിൽ മേൽപ്പാലത്തിന്റെ ബീമുകൾ പുഴയിലേക്ക് കൂപ്പുകുത്തിയത്. ബീമുകൾക്ക് നൽകിയ ഇരുമ്പ് താങ്ങുകൾ വേലിയേറ്റത്തിൽ ഇളകിപ്പോയതാണ് അപകട കാരണമായതെന്ന് വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. വർക്ക് ക്വാളിറ്റിയിൽ ഐ.ഐ.ടി ഉൾപ്പടെയുള്ളവർ നല്ല അഭിപ്രായമായമാണ് രേഖപ്പെടുത്തിയിരുന്നത്. ധർമ്മടം പാലത്തിലെ മേൽനോട്ടത്തിലുണ്ടായ പിഴവുകളാണ് പാലം തകരുന്നതിലെത്തിയത്.
രണ്ട് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്. എന്നാൽ ദേശീയപാത അതോറിറ്റിക്ക് നഷ്ടമുണ്ടാവില്ല. കൺസ്ട്രക്ഷൻ കമ്പനിക്ക് ഇൻഷ്വറൻസ് പരിരക്ഷയുമുണ്ട്. ചുരുക്കത്തിൽ പൊതുജനങ്ങൾ ഇനിയുമേറെ കാത്തിരിക്കണമെന്ന് ചുരുക്കം.
കൺസ്ട്രക്ഷൻ കമ്പനി കോടതിയിലേക്ക്
കരിമ്പട്ടികയിലുൾപ്പെടുത്തിയ ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനി കോടതിയെ സമീപിക്കും. തീർപ്പുണ്ടാകുന്നത് വരെ നിർമ്മാണവും നിലയ്ക്കും. ബൈപാസിന്റെ പണി അതിവേഗത്തിൽ പുരോഗമിക്കുമ്പോഴാണ് നിർമ്മാണത്തിന് കൂച്ചുവിലങ്ങായത്.
8 ഓവർബ്രിഡ്ജുകൾ പണിപൂർത്തിയായി
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂർ എക്‌സൈസ് ചെക്ക്‌പോസ്റ്റ് പരിസരത്ത് അവസാനിക്കുന്ന 18.6 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് നിർദ്ദിഷ്ട തലശേരി–മാഹി ബൈപാസ്. പന്ത്രണ്ട് ഓവർബ്രിഡ്ജുകളിൽ എട്ടെണ്ണത്തിന്റെ പണി തീർന്നു. കലുങ്കുകളുടെ പണിയും വേഗത്തിലാണ് നീങ്ങിയത്.
നേരത്തെയുള്ള രൂപരേഖക്ക് പുറമെ പാലയാട് ഹൈസ്‌കൂൾ റോഡ്, പള്ളൂർ– നടവയൽറോഡ്, പള്ളൂർ– ചാലക്കര റോഡ്, മങ്ങാട് എന്നിവിടങ്ങളിൽ പുതിയ അടിപ്പാതയും നാഷനൽ ഹൈവേ അതോറിറ്റി അംഗീകരിച്ചിരുന്നു.. ഇവിടങ്ങളിലും പ്രവൃത്തി തുടങ്ങിയിരുന്നു.
18.6 കിലോമീറ്റർ ബൈപ്പാസ്