മാഹി: ഒരേ തറവാട്ടിലുള്ളവർ ഇവിടെ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളായത് തികച്ചും യാദൃച്ഛികം. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മങ്ങാട് സംവരണ വാർഡിലാണ് ചെറിയാണ്ടി കുടുംബത്തിന്റെ രാഷ്ട്രീയ അങ്കത്തട്ടിന് വേദിയായത്.
ഇടതുമുന്നണി സ്ഥാനാർത്ഥി മഹേഷ് മാണിക്കോത്ത് സി.പി.എം.പ്രവർത്തകനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പ്രവർത്തകനുമാണ്.വാർഡ് നിലനിർത്തുകയെന്ന ഉത്തരവാദിത്വം മുന്നണി ഏൽപ്പിച്ചത് ഈ ചെറുപ്പക്കാരനെയാണ്.
മച്ചുനൻ യു.കെ. ശ്രീജിത്തിനെയാണ് യു.ഡി.എഫ്.വാർഡ് തിരിച്ചുപിടിക്കാൻ നിയോഗിച്ചിട്ടുള്ളത്. വികസന മുരടിപ്പാണ് ശ്രീജിത്ത് ഉയർത്തിക്കാട്ടുന്നത്.
ഇരുവരുടേയും ഉറ്റ ബന്ധുവായ എ. ഉഷയെയാണ് മങ്ങാട് വയൽപ്രദേശത്ത് താമര വിരിയിക്കാൻ ബി.ജെ.പി. നിർത്തിയിട്ടുള്ളത്. രാഷ്ട്രീയ വൈരുദ്ധ്യങ്ങൾ കുടുംബബന്ധങ്ങളെ ബാധിക്കരുതെന്ന പക്ഷക്കാരിയാണ് ഉഷ. മങ്ങാട്ട് വർഷങ്ങളായി നടത്തി വരുന്ന വനിതാ ഹോട്ടലിന്റെ സാരഥി എന്ന നിലയിലും സാമൂഹ്യ പ്രവർത്തക എന്ന നിലയിലും വാർഡിലെ ആബാലവൃദ്ധം ജനങ്ങളെയും പേരെടുത്ത് ബന്ധപ്പെടാനാവുമെന്ന ആത്മവിശ്വാസം ഇവർക്ക് വിജയ പ്രതീക്ഷയേകുന്നുണ്ട്. ജനവിധി എന്തായാലും ഒരു കാര്യം ഉറപ്പ്. ചെറിയാണ്ടി തറവാട്ടിലെ ഒരംഗം ന്യൂ മാഹി ഗ്രാമപഞ്ചായത്തിലുണ്ടാകും.