വളപട്ടണം: പഞ്ചായത്തിൽ അങ്കം കുറിക്കുന്നത് മുന്നണിക്കുള്ളിലെ പ്രധാന രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ. പത്തു വാർഡുകളിലാണ് കോൺഗ്രസും മുസ്ലീം ലീഗും നേരിട്ട് ഏറ്റുമുട്ടുന്നത്. മുന്നണിബന്ധം മറന്ന് തനിച്ച് മത്സരിക്കാനുള്ള ഉറച്ച തീരുമാനത്തിൽ നിന്ന് രണ്ട് പാർട്ടികളും പിന്നോട്ട് പോകാൻ തയ്യാറല്ലെന്ന് പരസ്യയമായി അറിയിച്ചു കഴിഞ്ഞു.
പ്രശ്നപരിഹാരത്തിന് സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും സമവായത്തിലെത്തിയില്ല. കഴിഞ്ഞ തവണ ആറിടത്ത് മത്സരിച്ച കോൺഗ്രസ് ആറിടത്തും ജയം നേടിയിരുന്നു. ഏഴിടത്ത് മത്സരിച്ച ലീഗിന് മൂന്ന് വാർഡുകൾ മാത്രമാണ് കിട്ടിയത്. ഇത് ലീഗിൽ കടുത്ത അമർഷത്തിന് കാരണമായിരുന്നു. ലീഗിന് മേൽകൈ ഉള്ള പഞ്ചായത്തിൽ പ്രസിഡന്റ് പദവി ലഭിക്കാത്തതാണ് അണികളുടെ പ്രതിഷേധത്തിന് പ്രധാന കാരണം.തങ്ങളെ ചതിക്കുകയായിരുന്നു കോൺഗ്രസെന്നാണ് ലീഗ് അണികൾ പറയുന്നത്. കോൺഗ്രസിന്റെ ചതിയിൽ വീഴാൻ പാടില്ലെന്ന് ഇവർ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പത്ത് വാർഡുകളിൽ ലീഗ് പത്രിക സമർപ്പിച്ചിരുന്നു. ഈ വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു.
ആകെ വാർഡുകൾ 13
ആകെയുള്ള 13 വാർഡുകളിൽ രണ്ട്, മൂന്ന്, 13 വാർഡുകളിലാണ് കോൺഗ്രസ് മത്സരിക്കാത്തത്. വിഷയം ചർച്ച ചെയ്യാൻ ഇന്ന് യു.ഡി.എഫിന്റെ ജില്ലാ നേതാക്കൾ യോഗം ചേരുന്നുണ്ടെന്നും തർക്കം പരിഹരിക്കാൻ കഴിയുമെന്നും മുസ്ലീം ലീഗ് ജില്ലാ നേതൃത്വം പറഞ്ഞത്.