കാസർകോട് :കാസർകോട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച 100 സ്ഥാനാർത്ഥികളിൽ 94 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക വരണാധികാരിയായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു സ്വീകരിച്ചു.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസൃതമല്ലാത്ത ആറ് പത്രികകൾ തള്ളി. മഞ്ചേശ്വരം ഡിവിഷനിൽ ദാമോദര എ (സ്വതന്ത്രൻ )അഹമ്മദ് ജലാലുദ്ദീൻ (എ .എ. പി) ഉദുമ ഡിവിഷനിൽ കെ.സുകുമാരി (ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) ചെറുവത്തൂർ ഡിവിഷനിൽ എ. ഭരതൻ (സ്വതന്ത്രൻ ) ചിറ്റാരിക്കൽ ഡി വിഷനിൽ ജിന്റോ (സ്വതന്ത്രൻ ) കുമ്പള ഡി വിഷനിൽ ഖമറുൽ ഹസീന (എസ് .ഡി .പി .ഐ ) എന്നീ സ്ഥാനാർത്ഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശോധനയിൽ സ്ഥാനാർത്ഥികൾ, നാമ നിർദ്ദേശകർ എന്നിവരും ഹാജരായിരുന്നു. ആകെ ലഭിച്ച 137 പത്രികകൾ 50 മിനുട്ടിൽ സൂക്ഷ്മപരിശോധനയിൽ പരാതിരഹിതമായ തീരുമാനമെടുത്ത് ജില്ലാ ഭരണ സംവിധാനം വീണ്ടും മാതൃകയായി. കളക്ടറുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ചിട്ടയായ പരിശീലനവും കൃത്യമായ ആസൂത്രണവും സമയനിഷ്ഠയിൽ ഊന്നിയ കാര്യക്ഷമമായ പ്രവർത്തനവും നടത്തിയാണ് 50 മിനുട്ടുകൊണ്ട് സൂക്ഷ്മപരിശോധനയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.