കാഞ്ഞങ്ങാട‌്: ഇൻസ്റ്റന്റ് ലോൺ ആപ്ളിക്കേഷനുകളിലൂടെ വായ്പ വാങ്ങി കടക്കെണിയിൽപ്പെട്ട് നിരവധി യുവാക്കൾ. ബാങ്കുകളിൽ നിന്നുള്ള സാധാരണ വായ്പകൾക്കായി നിരവധി നൂലാമാലകൾ നേരിടുമ്പോൾ വളരെവേഗത്തിൽ വായ്പാ തുക അക്കൗണ്ടുകളിലേക്കെത്തുന്നതാണ് പലരെയും കുടുക്കിലാക്കിയത്. മൊബൈൽ ഫോണിലൂടെ തങ്ങളുടെ ആവശ്യങ്ങൾക്ക് ഞൊടിയിടയിൽ പണം ലഭിച്ചപ്പോൾ യുവാക്കളാണ് കൂടുതലും ഇരകളായത്.

ഫിനാൻസ് കമ്പനികളുടെ ആപ്പ് ഗൂഗിൾപ്ലേയിൽനിന്ന് ഡൗൺലോഡ് ചെയ്ത് പേര്, വയസ്, സ്ഥലം, പാൻ നമ്പർ, ആധാർ കാർഡ‌്, വരുമാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുകയേ വേണ്ടൂ. അപേക്ഷിച്ച് നിമിഷങ്ങൾക്കകം വായ്പ അക്കൗണ്ടിലെത്തും. ബാങ്കിൽനിന്ന് കെവൈസി രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഫൈനൽ അപ്രൂവൽ നൽകുന്നതെങ്കിലും പലർക്കും നിഷ്പ്രയാസം വായ്പാ തുക കിട്ടി. കൃത്യമായി തിരിച്ചടച്ചാൽ കൂടുതൽ വായ‌്പയ‌്ക്ക‌് അർഹരാണെന്ന അറിയിപ്പ‌് വരും. കൃത്യമായ തിരിച്ചടച്ചില്ലെങ്കിലുള്ള വൻതുക പിഴയാണ് പലരെയും കുടുക്കിയത്. 2000 രൂപ വായ‌്പ ആവശ്യപ്പെട്ടാൽ ആദ്യമേ 1800 രൂപയാണത്രെ ലഭിക്കുന്നത്. 200 രൂപയുടെ കുറവുണ്ടാവുമെങ്കിലും ഏഴു ദിവസത്തിനകം തിരിച്ചടവ് വേണം. വീഴ്ചയുണ്ടായാൽ 50 ശതമാനംവരെ പിഴ ഉയരും. പിഴപ്പലിശ,​ വീഴ്ചയ്ക്കുള്ള പിഴ ഇതൊക്കെ കൂടി തലവേദനയേറും. ഒരു ആപ്പിലെ കടം വീട്ടാൻ മറ്റൊരു ആപ്പിൽനിന്ന‌് കടം വാങ്ങിയാൽ പിന്നെയും കുടുങ്ങി.

തിരിച്ചടവ് മുടങ്ങിയാൽ ഫോണിൽ നമ്പർ സേവ് ചെയ്തിരിക്കുന്ന സുഹൃത്തുക്കളെയാകും കമ്പനി ബന്ധപ്പെടുക. തിരിച്ചടവിന് നിർബന്ധിക്കാൻ ഇത്തരം രീതികൾ ഉപയോഗിക്കുന്നത് നിരവധി പേർക്ക് ശല്യമായതായും പരാതിയുണ്ട്. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച‌് സൈബർസെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട‌്.

സുരക്ഷയ്ക്കായുണ്ട്

നിർദ്ദേശങ്ങൾ

ബാങ്കുകൾക്കും ബാങ്കിതര സാമ്പത്തിക കമ്പനികൾക്കും മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് വ്യക്തിഗത വായ്പകളും മറ്റും നല്കാൻ അംഗീകാരമുണ്ട്. ബാങ്കുകളുടെ ലെറ്റർ ഹെഡിൽ തയാറാക്കിയ വായ്പാ കരാർ വായ്പ എടുക്കുന്നവർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി തന്നെ നൽകിയിരിക്കണം. ഈടാക്കുന്ന പലിശ നിരക്കുകൾ, പലിശ കണക്കു കൂട്ടുന്ന രീതി,​ മറ്റു ചെലവുകൾ എന്നിവയെല്ലാം കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകണ എന്നെല്ലാം നിബന്ധനകളുണ്ട്. വായ്പ തിരിച്ചു പിടിക്കുന്നതിന് അനധികൃത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിൽനിന്നു വിലക്കുമുണ്ട്.