santha

നീലേശ്വരം :കിനാനൂർ കരിന്തളം പഞ്ചായത്തിലെ മുക്കടയിൽ പരേതരായ എം.പി.കുഞ്ഞമ്പുവിന്റെയും ടി.പി.ചിരുതയുടെയും മക്കളായ ടി.പി ശാന്തയും ടി.പി. ലതയും വോട്ടർമാരെ നേരിൽ കണ്ട് സഹായമഭ്യർത്ഥിക്കുന്ന തിരക്കിലാണിപ്പോൾ. ഒരാൾ ജന്മനാടായ കിനാനൂർ കരിന്തളത്തും രണ്ടാമത്തേയാൾ നീലേശ്വരം നഗരസഭയിലുമാണ് ജനവിധി തേടുന്നത്. ഇരുവരും സി.പി.എം സ്ഥാനാർത്ഥികളാണ്.

ഇരുവർക്കും ഇത് ആദ്യ മത്സരമല്ല. രണ്ടുപേരും മുമ്പ് ജയിച്ചുകയറിയവരാണ്. ശാന്ത ഇക്കുറി പുലിയന്നൂരിലാണ് മത്സരിക്കുന്നത്.2005 ൽ കുമ്പളപ്പള്ളിയിൽ നിന്നും ജയം നേടിയിട്ടുണ്ട് ഇവർ. സി.പി.എം നീലേശ്വരം ഏരിയ കമ്മറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല കമ്മറ്റി അംഗം കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം ,​വനിത സാഹിതി ജില്ല കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണിവർ.

അനിയത്തിയായ ലതയ്ക്ക് തുടർച്ചയായ രണ്ടാമങ്കമാണിത്. നീലേശ്വരം നഗരസഭയിലെ പത്താം വാർഡായ വള്ളിക്കുന്നിലാണ് ഇക്കുറി മത്സരിക്കുന്നത്. 2010 ഇതേ വാർഡിൽ നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട് ലത. സി.പി.എം.പേരോൽ ലോക്കൽ കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ പേരോൽ ഈസ്റ്റ് വില്ലേജ് കമ്മറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചുവരികയാണ് ലത.