തളിപ്പറമ്പ്: ആന്തൂർ നഗരസഭയിൽ എതിരില്ലാതെ വിജയം ഉറപ്പാക്കിയ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം. എൽ.ഡി.എഫ് ആന്തൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി നല്കിയ സ്വീകരണം സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ സാധിക്കാത്തത് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കഴിവുകേടാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടത് സ്ഥാനാർത്ഥികളെ ഇരുകൈയും നീട്ടി ജനങ്ങൾ സ്വീകരിക്കുമ്പോൾ ആന്തൂരിലെ മുഴുവൻ വാർഡിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് വെല്ലുവിളിച്ചവർ ഇപ്പോൾ ഭയപ്പെടുത്തിയത് കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്താത്തതെന്നാണ് പറയുന്നത്. നഗരസഭ ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച ആഹ്ലാദപ്രകടനം ധർമ്മശാലയിൽ സമാപിച്ചു. എൽ.ഡി.എഫ് ചെയർമാൻ വേലിക്കാത്ത് രാഘവൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. മുകുന്ദൻ, പി.കെ ശ്യാമള എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ. സന്തോഷ് സ്വാഗതം പറഞ്ഞു.