തൃക്കരിപ്പൂർ: കേരളത്തിൽ ഫുട്ബാളിന് ജീവൻ കൊടുത്ത മണ്ണിലേക്ക് സെവൻസ് കളിക്കാനായിരുന്നു കഴിഞ്ഞ സീസണിൽ ഐവറികോസ്റ്റിൽ നിന്ന് ഹാവിനും മാട്രിക്കും എത്തിയത്. സാധാരണ സീസണിൽ വന്നാൽ കൈനിറയെ കാശുമായിട്ടായിരുന്നു മടക്കം. എന്നാൽ കൊവിഡിനെ തുടർന്ന് പന്തുരുളാതിരുന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു.അടുത്ത സീസണിന് വേണ്ടി പട്ടിണിയും ദുരിതവും സഹിച്ച് കാത്തിരുന്നിട്ടും പ്രയോജനമില്ലെന്ന് കണ്ടതോടെ തൃക്കരിപ്പൂരിലെ കളിപ്രേമികളുടെ സഹായത്തോടെ അവർ നാട്ടിലേക്ക് തന്നെ മടങ്ങി.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇരുവരും കുടുങ്ങിയപ്പോഴാണ് തൃക്കരിപ്പൂരിലെ ഫുടാബാൾ സംഘാടകർ ഇവരെ സഹായിക്കാനെത്തിയത്.
എല്ലാം ശരിയാകുമെന്ന പ്രത്യാശയിലായിരുന്നു കഴിഞ്ഞ തവണ സീസൺ കഴിഞ്ഞിട്ടും കാത്തുനിന്നത്. ജോലിയും കൂലിയുമില്ലാത്ത അവസ്ഥയിൽ പട്ടിണിയിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. എന്നാൽ യാത്രാ ചിലവ് എങ്ങനെ സംഘടിപ്പിക്കുമെന്നതായി ഇവരുടെ ചിന്ത.താരങ്ങളുടെ വിഷമം അറിഞ്ഞ ഫുട്ബാൾ പ്രേമികൾ ഇടപെട്ടു. വിമാനക്കൂലി അടക്കമുള്ള ചെലവുകൾ വഹിക്കാൻ ഹിറ്റാച്ചി എഫ്.സി.യുടെ പ്രവർത്തകരുടെ ഇടപെടലിൽ സ്വർണ്ണ വ്യാപാരിയായ ഷുക്കൂർ തയ്യാറായി. ഹിറ്റാച്ചി ക്ലബ്ബ് പ്രസിഡന്റ് ഇബ്രാഹിം തട്ടാനിച്ചേരി നാട്ടിലേക്കുള്ള ടിക്കറ്റ് കളിക്കാർക്ക് കൈമാറി. ചടങ്ങിൽ' ജബ്ബാർ പൊറൊപ്പാട് ,എ.ജി.സി.സിറാജ് , .ബഷീർ , ഫവാസ് കണ്ണാപുരം ഫിറോസ് മെട്ടമ്മൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു താരങ്ങൾക്ക് സഹായം നൽകിയത്.