കാസർകോട്:നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉന്നതതല ഗൂഢാലോചനയെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. കെ. ബി ഗണേശ് കുമാർ എം.എൽ.എയോടൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറി പ്രദീപ് കുമാർ കോട്ടാത്തല നടൻ ദിലീപിനെ ജയിലിൽ സന്ദർശിച്ചിരുന്നുവെന്നും പൊലീസ്.
2020 ജനുവരി 20 ന് എറണാകുളത്ത് ഗൂഢാലോചനായോഗം നടന്നുവെന്നും പ്രദീപ് പങ്കെടുത്തോയെന്ന് കണ്ടെത്തണമെന്നും പൊലീസ് പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ബേക്കൽ തൃക്കണ്ണാട് സ്വദേശി വിപിൻ ലാലിനെ വീട്ടിലും ജോലി സ്ഥലത്തും എത്തി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാറിനെ ചോദ്യം ചെയ്തശേഷം ബേക്കൽ സി.ഐ അനിൽകുമാർ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.
പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ ഇന്നലെ പൊലീസ്
ശക്തമായി എതിർത്തു. തിങ്കളാഴ്ചയും വാദം തുടരും. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റിന് അനുമതി തേടിയാണ് അന്വേഷണ സംഘം ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
നടൻ ദിലീപുമായി വ്യക്തിപരമായി ബന്ധമില്ലെന്നായിരുന്നു പ്രദീപ് കുമാറിന്റെ ആദ്യമൊഴി. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഗണേശ് കുമാറിനൊപ്പവും തനിച്ചും ദിലീപിനെ ജയിലിൽ സന്ദർശിച്ചിരുന്നുവെന്ന് മൊഴി നൽകി. ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുമായി ഫോണിൽ ബന്ധപ്പെട്ടുവെന്നും മൊഴിയിൽ പറയുന്നു.
അതേസമയം കേസ് പൊലീസിന്റെ തിരക്കഥയാണെന്ന് പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. പി.പ്രേമരാജൻ വാദിച്ചു.