കണ്ണൂർ: ഡി.ടി.പി.സിയുടെ കീഴിൽ ജില്ലയിൽ തുറന്നു പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി tpckannur.com എന്ന വെബ്‌സൈറ്റ് മുഖേന ബുക്ക് ചെയ്യാം. ഓരോ കേന്ദ്രങ്ങളിലും ഒരു മണിക്കൂറിൽ പ്രവേശിപ്പിക്കുന്ന സന്ദർശകരുടെ പരമാവധി എണ്ണം, ഓരോ ടൈം സ്ലോട്ടിലും കാണാവുന്നതാണ്. ബുക്ക് ചെയ്താൽ ബുക്കിംഗ് നമ്പർ സഹിതം എസ്.എം.എസ് ലഭിക്കും. പ്രവേശന ടിക്കറ്റിനുള്ള പണം നേരിട്ട് അതത് കേന്ദ്രങ്ങളിൽ അടക്കണം.
ഓൺലൈൻ ബുക്കിംഗിന് പുറമെ നേരിട്ടും ബുക്ക് ചെയ്യാം. എന്നാൽ തിരക്ക് കൂടുതലുള്ള സന്ദർഭങ്ങളിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവർക്കായിരിക്കും മുൻഗണന. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായാണ് തുറന്നു വരുന്നത്. നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം. നിശ്ചിത എണ്ണത്തിൽ കൂടുതൽ സന്ദർശകരെ അനുവദിക്കില്ല. തുറന്നിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ സാമൂഹിക അകലം കർശനമായി പാലിക്കണം.