ചെറുവത്തൂർ: ഫാഷൻ ഗോൾഡ് ജുവലറി തട്ടിപ്പിൽപ്പെട്ട‌് സർവതും നഷ‌്ടപ്പെട്ടവരുടെ സംഗമം സങ്കടക്കടലായി മാറി. തിമിരി ബാങ്ക‌് ഓഡിറ്റോറിയത്തിലാണ് പണം നഷ്ടപ്പെട്ടവർ ഒത്തുചേർന്നത്. വാക്കുകൾ മുഴുവിപ്പിക്കാനാകാതെ പ്രായം ചെന്ന സ്ത്രീകൾ ഉൾപെടെയുള്ളവർ പൊട്ടിക്കരയുകയായിരുന്നു. മകളുടെ വിവാഹത്തിനായി സ്വരൂപിച്ച തുക, വീട‌് വെക്കാനായും മക്കളുടെ പഠനത്തിനായും കരുതിവച്ച പണവും നഷ‌്ടപ്പെട്ട മാതാക്കളും ഒരു ആയുസു മുഴുവൻ അന്യ രാജ്യത്ത‌് കഷ‌്ടപ്പെട്ട‌് സമ്പാദിച്ച മുഴുവൻ സമ്പാദ്യവും നിക്ഷേപ തട്ടിപ്പിൽ നഷ‌്ടപ്പെട്ടവരുടെ വേവലാതികളും പൊട്ടിക്കരച്ചിലും കൊണ്ട‌് സംഗമ വേദി മൂകമായി. സി.പി.എം ജില്ല സെക്രട്ടറി എം.വി ബാലകൃഷ‌്ണനും മറ്റ‌് നേതാക്കളും ഉൾപെട്ട വേദിയിലായിരുന്നു ജീവിതം വഴിമുട്ടിയ നിക്ഷേപകർ സങ്കടങ്ങളുടെ ഭാരം തുറന്ന‌് കാണിച്ചത‌്. യോഗത്തിൽ അഡ്വ. സി ഷുക്കൂർ അദ്ധ്യക്ഷനായി. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം വി.പി.പി മുസ‌്തഫ, മുൻ പഞ്ചായത്ത‌് പ്രസിഡന്റ‌് മാധവൻ മണിയറ എന്നിവർ സംബന്ധിച്ചു.