തലശ്ശേരി: പോയ തിരഞ്ഞെടുപ്പുകാലം തലശ്ശേരി മാളിയേക്കൽ ഗായക സംഘത്തിന് ഉണർത്തുപാട്ടിന്റേയും വിപ്ലവഗാനങ്ങളുടേയും ഓർമ്മ കൂടിയാണ്.എട്ടുപതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ പെൺകുട്ടികൾക്കടക്കം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി കലകളും സംഗീതവും വഴി പുരോഗമനാശയങ്ങളിലും കമ്മ്യൂണിസ്റ്റ് ചുവപ്പുവഴികളിലും എത്തിയ പ്രസിദ്ധമായ മാളിയേക്കൽ മുസ്ലിം തറവാട് ഈ തെരഞ്ഞെടുപ്പ് കാലത്ത് നിരാശയിലാണ്.
ഇടത് മുന്നണിയുടെ ജയത്തിൽ സംശയമുണ്ടായിട്ടല്ല, മറിച്ച് എത്രയോ ദശകങ്ങളായി തിരഞ്ഞെടുപ്പ് വേളകളിലും, വോട്ടർമാരെ പാടിയുണർത്തിയ മാളിയേക്കൽ ഗായക ട്രൂപ്പിന്റെ വാഹനം തെരുവുകളിൽ എത്താൻ കൊവിഡ് എന്ന മഹാമാരി അവസരം നൽകിയില്ലല്ലോ എന്നോർത്താണ് ഈ നിരാശ.
ഒരു തിരഞ്ഞെടുപ്പ് വേളയിൽ, മാളിയേക്കൽ ടീമിന്റെ പാട്ട് കേട്ട് മതിമറന്ന ഇ.കെ.നായനാർ പൊതുവേദിയിൽ വച്ച് പറഞ്ഞത് ഇന്നും തലശ്ശേരിക്കാരുടെ ഓർമ്മയിലുണ്ട്. 'മാളിയേക്കൽ തറവാട്ടിലെ വോട്ടും, പാട്ടും മതി എനിക്ക് ജയിക്കാൻ ' എന്നായിരുന്നു നായനാരുടെ കളിയായും കാര്യമായുമുള്ള കമന്റ്.
'' ഉമ്മ പി.എം.നഫീസ്സയുടെ നേതൃത്വത്തിൽ പെട്രോമാക്സുമായി ഇടവഴിയിലും പെരുവഴിയിലും തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി പാടി നടന്നത് മനസ്സിൽ നിന്ന് മായുന്നില്ല. ഇളയുമ്മയായ മാളിയേക്കൽ മറിയുമ്മയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാനാദ്യമായി സംഘത്തോടൊപ്പം പാട്ടു പാടി തുടങ്ങിയത്.- തലശ്ശേരി നഗരസഭാ ചെയർപേഴ്സണായിരുന്ന ആമിന മാളിയേക്കൽ ഓർമ്മ പുതുക്കുന്നു
പാട്യം ഗോപാലൻ ജയിലിൽ കിടന്ന് കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ഘട്ടത്തിൽ, 'കൽതുറുങ്കുകൾക്ക് തകർക്കാനാവില്ല വിപ്ലവാവേശത്തെ 'യെന്നുള്ള ഗാനം തരംഗമായി. പിന്നീട് പിണറായി, കോടിയേരി, എം.വി.രാജഗോപാലൻ, കെ.പി.മമ്മു മാസ്റ്റർ തുടങ്ങിയ അസംബ്ലി സ്ഥാനാർത്ഥികളായപ്പോഴും മാളിയേക്കലുകാർ പാടി.
ആദ്യകാലത്ത് അഡ്വ. ഒ.വി.അബ്ദുല്ല (മുൻ നഗരസഭാ ചെയർമാൻ)യായിരുന്നു ഗാനരചന നടത്തിയിരുന്നത്.പിന്നീട് ഷാബു മാളിയേക്കലും പാട്ടുകളെഴുതി.ജലീലായിരുന്നു ഈണം നൽകിയത്.റിയാസായിരുന്നു തബല. ആമിന മാളിയേക്കൽ ഫാത്തിബി, റംലാബാബു, ബിച്ചുമ്മ, അഡ്വ.സഫിയ, ആയിഷജലീൽ, ടി.സി. ബാബു, ബീബി തുടങ്ങിയവരൊക്കെയാണ് മാളിയേക്കലിലെ പാട്ടുകാർ. മാളിയേക്കലിൽ നിന്നുള്ള ടി.സി.ആബൂട്ടിയുംനജ്മ ഹാഷിമും നഗരസഭാ വൈസ് ചെയർമാനായിരുന്നു. റംലാബാബു, ഫാത്തിമ മാളിയേക്കൽ, തുടങ്ങിയവർ നഗരസഭാംഗങ്ങളുമായിരുന്നു. ഈ തറവാട്ടിലെ എ.കെ.സുഫൈറ ഇപ്പോൾ കോട്ടയം ഗ്രാമപഞ്ചായത്തിൽ മത്സര രംഗത്തുണ്ട്. തലശ്ശേരി കലാപകാലത്ത് വർഗ്ഗീയതയുടെ തീയണക്കാൻ മാളിയേക്കൽ ഗായക സംഘം മതസൗഹാർദ്ദ സന്ദേശ ഗാനങ്ങളുമായി നടത്തിയ ആലാപനം ഓർമ്മിക്കുന്ന വലിയൊരു തലമുറ ഇപ്പോഴും തലശ്ശേരിയിലുണ്ട്.