പാനൂർ: സോഷ്യലിസ്റ്റുകൾക്ക് നിർണായക സ്വാധീനമുള്ള ഡിവിഷനാണ് കൊളവല്ലൂരെന്ന് നിസംശയം പറയാം. കുന്നോത്തുപറമ്പിലെ 21, തൃപ്പങ്ങോട്ടൂരിലെ 18, പാട്യത്തെ ആറ് വാർഡുകൾ ചേർന്നതാണ് ഈ ഡിവിഷൻ. ഇതിൽ കുന്നോത്തുപറമ്പിലും പാട്യത്തും എൽ.ഡി.എഫും തൃപ്പങ്ങോട്ടൂരിൽ യു.ഡി.എഫുമാണ് ഭരണത്തിൽ.
ജനതാദൾ യു.വിൽ നിന്ന് മാറി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ലോക് താന്ത്രിക് ജനതാദളിന്റെ സ്വാധീനം നിർണായകമാണ് ഇവിടെ. യു.ഡി.എഫിലായിരിക്കെ വീരേന്ദ്രകുമാറിന്റെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി.ചന്ദ്രൻ 2600 ഓളം വോട്ടിനാണ് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ എൽ.ജെ.ഡി ദേശീയ സമിതിയംഗം ഉഷ രയരോത്താണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
വികസന പ്രവർത്തനങ്ങളും സർക്കാറിന്റെ ഭരണ നേട്ടങ്ങളും മുൻ നിർത്തിയാണ് ഇവരുടെ വോട്ടഭ്യർത്ഥന. ആദിവാസി മേഖലയായ വടക്കേക്കളം എസ്റ്റേറ്റ് റോഡ് വികസനം. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന വാഴകണ്ടി വാതുക്കൽ വിലങ്ങാട് റോഡ് - ചെറുവാഞ്ചേരി - കടവത്തൂർ - പൊയിലൂർ മേഖലകളിലെ റോഡുകൾ തുടങ്ങി 25 ഓളം റോഡുകൾ പൂർത്തിയാക്കാനും വികസിപ്പിക്കാനും സാധിച്ചിട്ടുണ്ട്. സ്വയം പര്യാപ്തത ലക്ഷ്യമാക്കി കാർഷിക ഗ്രാമം പദ്ധതി നടപ്പിലാക്കി. മുകുളം പദ്ധതിയിലൂടെ എസ്.എസ്.എൽ.സി വിജയശതമാനം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതകൾ ഒരുക്കി. ചെറുവാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയത് എന്നിങ്ങനെ പോകുന്നു അവരുടെ അവകാശവാദം. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച പരിചയവും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കുണ്ട്.
കൂത്തുപറമ്പ് മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്റാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ എം. ജിഷ. വി.പ്രസീതയാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥിയായി ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്.
സ്ഥാനാർത്ഥിമൊഴി
വികസനത്തിന് ഭരണത്തുടർച്ച ആവശ്യമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ വലിയ രീതിയിൽ ഡിവിഷൻ മാറി. എല്ലാമേഖലകളിലും മികച്ച പുരോഗതി കൈവരിച്ചിട്ടുമുണ്ട് - ഉഷ രയരോത്ത് (എൽ.ഡി.എഫ്)
കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും യുഡി.എഫ് ഭൂരിപക്ഷത്തിൽ ജയിക്കും. കഴിഞ്ഞതവണ യു.ഡി.എഫ് ടിക്കറ്റിൽ ജയിച്ചവർ എൽ.ഡി.എഫിലേക്ക് മാറിയതിൽ ജനരോഷമുണ്ട്. ഇത് അനുകൂലഘടകമാകും. -എം. ജിഷ (യു.ഡി.എഫ്)
നരേന്ദ്രമോദി സർക്കാരിന്റെ ആനുകൂല്യങ്ങൾ ഗ്രാമങ്ങളെ മാറ്റിമറിക്കുകയാണ്. മുന്നണികളെ ജനം മടുത്തുകഴിഞ്ഞു. ബി.ജെ.പി ഈ ഡിവിഷനിൽ ജയിച്ചുവരും -വി. പ്രസീത (എൻ.ഡി.എ)