കാസർകോട്: കൊവിഡിനെ പ്രതിരോധിക്കാൻ കാസർകോട് ജില്ലാതല ഐ.ഇ.സി കോ ഓർഡിനേഷൻ കമ്മിറ്റി ആരംഭിച്ച ആന്റിജൻ ടെസ്റ്റ് ചലഞ്ച് വൈറലാകുന്നു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ആന്റിജെൻ ടെസ്റ്റ് നടത്തി ചലഞ്ച് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ശനിയാഴ്ച ചലഞ്ച് ഏറ്റെടുത്ത് ആന്റിജൻ ടെസ്റ്റ് നടത്തി.

പ്രശസ്ത ചലച്ചിത്രതാരം മഹിമാ നമ്പ്യാരെയാണ് ജില്ലാ പൊലീസ് മേധാവി ടെസ്റ്റിന് ചലഞ്ച് ചെയ്തത്. ഡിസംബർ 14 വരെ നീണ്ടുനിൽക്കുന്ന ആന്റിജൻ ടെസ്റ്റ് ചാലഞ്ചിൽ ആദ്യ ദിനം ആന്റിജൻ ടെസ്റ്റ് നടത്തിയ എ.ഡി.എം എൻ. ദേവിദാസ് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിനെ ചലഞ്ച് ചെയ്തിരുന്നു. ചലഞ്ച് ഏറ്റെടുത്ത കളക്ടർ വെള്ളിയാഴ്ച രാവിലെ കളക്ടറേറ്റിലാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. ശനിയാഴ്ച എസ്.പി യുടെ കാര്യാലയത്തിൽ പൊലീസ് മേധാവി ആന്റിജൻ ടെസ്റ്റിന് വിധേയയായി ടെസ്റ്റ് ഫലം നെഗറ്റീവാണ്. ടെസ്റ്റ് ചെയ്യുന്ന ഫോട്ടോയോടൊപ്പം ഞാൻ കൊവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവാണ് എന്നെഴുതി ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്താണ് ചലഞ്ച് ചെയ്യുന്നത്.

തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവർത്തകരും ചലഞ്ച് ഏറ്റെടുക്കും. കൊവിഡ് ടെസ്റ്റ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്റ്റ് ചലഞ്ചിന് ജില്ലയിൽ തുടക്കം കുറിച്ചിരിക്കുന്നത്. ആന്റിജൻ ടെസ്റ്റ് ചാലഞ്ച് എന്ന ഹാഷ് ടാഗിൽ വിവിധ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പൊതുജനങ്ങൾക്കും ചലഞ്ചിന്റെ ഭാഗമാകാം.


പടം.. ജില്ലാ പൊലീസ് മേധാവി ഡി ശില്പ ആന്റിജൻ ടെസ്റ്റിന് വിധേയയാകുന്നു