കണ്ണൂർ: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെയ്സൺ കാരക്കാട്ടിന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയത് തികച്ചും നിയമവിരുദ്ധവും പക്ഷപാതപരവുമാണെന്ന് സണ്ണി ജോസഫ് എം.എൽ.എ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പത്രികാ സമർപ്പണ സമയത്ത് സ്ഥാനാർത്ഥിയുടെ സത്യപ്രതിജ്ഞ ഒപ്പിട്ടു വാങ്ങേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. ഇതു സംബന്ധിച്ച് ഭരണഘടനയിൽ പറയുന്നുണ്ട്. എന്നാൽ സത്യപ്രതിജ്ഞയിൽ സ്ഥാനാർത്ഥി ഒപ്പിട്ടില്ലെന്ന് പറഞ്ഞാണ് പത്രിക തള്ളിയത്. ഇതിനുത്തരവാദി ഭരണാധികാരി മാത്രമാണ്. ഇക്കാര്യം കൊണ്ടു തന്നെ പത്രിക തള്ളിയത് തെറ്റാണ്. സ്ഥാനാർത്ഥിയുടെ വാദമുഖങ്ങൾ കേഴ്ക്കാതെ ഭരണാധികാരി ധൃതിപിടിച്ച് പത്രിക തള്ളിയതാണെന്നും ഈ സമയത്ത് പുറമേ നിന്നുള്ള ഭരണകക്ഷിയിൽ പെട്ട നേതാക്കളുടെ ഫോൺ കോൾ വന്നിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പത്രിക തള്ളിയതിനെതിരെ യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജെയ്‌സൺ കാരക്കാട്ട്, അഡ്വ. ജെയിംസ് തരപ്പേൽ എന്നിവർ സംബന്ധിച്ചു.