കാഞ്ഞങ്ങാട്: തീരദേശമേഖലയുടെ സ്വപ്നപദ്ധതിയായ കോട്ടച്ചേരി ഫ്ലൈഓവർ നിർമ്മാണം വൈകുന്നു. ഇരുഭാഗത്തുമുള്ള കോൺക്രീറ്റ് സ്ലാബുകളെല്ലാം സ്ഥാപിച്ചെങ്കിലും റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ സുരക്ഷിത സാക്ഷ്യപത്രം വൈകുന്നതാണ് കാത്തിരിപ്പിനിടയാക്കുന്നത്.
നിർമാണം തുടങ്ങുന്നതിനുമുമ്പേ സാങ്കേതികമായി സുരക്ഷ അനുമതിയൊക്കെ ലഭിച്ചതാണ്. ഗർഡർ സ്ഥാപിക്കുമ്പോൾ സുരക്ഷ സാക്ഷ്യപത്രം നൽകണമെന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്. റെയിൽവേ അസി.എൻജിനിയർ ഇതുസംബന്ധിച്ച് അപേക്ഷ അയച്ചിട്ട് അഞ്ചുമാസം കഴിഞ്ഞു. മന്ത്രി ഇ .ചന്ദ്രശേഖരനും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും വിഷയത്തിൽ ഇടപെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇവിടെ സ്ഥാപിക്കാൻ കൊണ്ടുവന്ന ഗർഡറുകൾ റെയിൽവേ ഗേറ്റ് പരിസരത്ത് കാടുകയറിക്കിടക്കുകയാണ്.
2018 ഏപ്രിൽ 14ന് ഫ്ലൈഓവറിന്റെ പണി ആരംഭിച്ചത്. കാഞ്ഞങ്ങാട്ടെ പ്രധാന റോഡിൽ കോട്ടച്ചേരി ട്രാഫിക് സർക്കിളിന് വടക്ക് നൂറു മീറ്റർ മാറിയാണ് റോഡ് തുടങ്ങുന്നത്. 860 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള ഫ്ളൈഓവറിന്റെ നിർമാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനുമായി 38 കോടി രൂപയാണ് നീക്കിവെച്ചത്. 1.48 ഏക്കർ സ്ഥലം ഏറ്റെടുത്തു. ഒട്ടേറെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. കൊച്ചിയിലെ ജിയോ ഫൗണ്ടേഷനാണ് പാലം നിർമിക്കുന്നത്. ഒന്നരവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു കരാർ. കൊവിഡും ലോക്ക്ഡൗണുമെല്ലാം പണിയെ ബാധിച്ചു. റെയിൽവേ ഗേറ്റിലെ കാത്തിരിപ്പില്ലാതെ യാത്രയെന്ന തീരദേശജനതയുടെ കാത്തിരിപ്പും നീളുകയാണ്.
കേസിലും കുടുങ്ങി
2003ൽ ഒ.രാജഗോപാൽ റെയിൽവേ സഹമന്ത്രിയായിരുന്നപ്പോഴാണ് കോട്ടച്ചേരി ഫ്ലൈഓവറെന്ന ആലോചന തുടങ്ങിയത്. 2007ൽ റെയിൽവേ ഇതിനായി പത്തുലക്ഷം രൂപ നീക്കിവെച്ചു. 2010ൽ ഇ. അഹമ്മദ് സഹമന്ത്രിയായിരിക്കെ രൂപരേഖയായി. എന്നാൽ സ്ഥലമേറ്റെടുക്കുന്നതിനെതിരെ ചിലർ കോടതിയെ സമീപിച്ചതോടെ തുടർപ്രവർത്തനങ്ങൾ നീണ്ടു. കേസ് തീരാൻ അഞ്ചുവർഷമെടുത്തു. ഒടുവിൽ നഗരസഭയുടെയും കർമസമിതിയുടെയും ഇടപെടലിലൂടെയാണ് എതിർപ്പുകൾ ഇല്ലാതായത്.