umeshan
ഉമേശൻ,​ രേണുക

നീലേശ്വരം: വീട്ടിലേതുപോലെ കൗൺസിലും കൂടെ നിൽക്കാനുള്ള മത്സരത്തിലാണ് നീലേശ്വരം നഗരസഭയിലെ രണ്ട് സ്ഥാനാർത്ഥികൾ. വാർഡ് അഞ്ചിൽ മത്സരിക്കുന്ന തൈക്കടപ്പുറം സ്വദേശി ഉമേശനും 31ാം വാർഡ‌ിൽ സ്വതന്ത്രയായി മത്സരിക്കുന്ന രേണുകയുമാണ് നീലേശ്വരം നഗരസഭ കൗൺസിലിലേക്ക് ജനവിധി തേടുന്ന ദമ്പതികൾ.

ഭർത്താവ് സി.എം.പി സ്ഥാനാർത്ഥി.ഭാര്യ സ്വതന്ത്രയുമാണ്. രണ്ടുപേരുടെയും മത്സരം ഇടതുസ്ഥാനാർത്ഥികൾക്കെതിരെയാണ്. പാർട്ടിക്കാരനായി മാത്രമല്ല ഉമേശനെ നാടറിയുന്നത്. ആറുവർഷത്തോളം കെൽട്രോണിന്റെ ജഴ്സിയിൽ കാൽപന്തുകളിയിൽ തിളങ്ങിയ താരമാണ്. മുൻ സംസ്ഥാന ജൂനിയർ ടീമിലും പന്തുതട്ടിയിട്ടുണ്ട്. ഇന്ത്യയിലെ പല പ്രധാന ടൂർണമെന്റുകളിലും കളിച്ചിട്ടുണ്ട് ഉമേശൻ. സി.എം.പിയുടെ ജില്ലാജോയിന്റ് സെക്രട്ടറിയായ ഇദ്ദേഹത്തെ നീലേശ്വരത്ത് ഇടതുമുന്നണിയുടെ കരുത്തനായ സ്ഥാനാർത്ഥി പി.പി.മുഹമ്മദ് റാഫിയെ നേരിടാൻ പാർട്ടിയും മുന്നണിയും നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ് മുഹമ്മദ് റാഫി.

രേണുക രണ്ടാം തവണയാണ് തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻ കൗൺസിലർ കൂടിയായ എൽ.ഡി.എഫിലെ കെ.പ്രീതയ്ക്കെതിരെയാണ് ഇക്കുറി മത്സരം. 2015ൽ ചിറപ്പുറം വാർഡിൽ സി.എം.പി.സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു ഇവർ. സാമൂഹ്യപ്രവർത്തക കൂടിയാണ് ഈ സ്വതന്ത്രസ്ഥാനാർത്ഥി.