ചെറുപുഴ: അധികാരത്തിലേറിയെങ്കിലും പോയ അഞ്ചുവർഷം ചെറുപുഴ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് അനുഭവിച്ച തലവേദനകൾ ചില്ലറയല്ല. കേരള കോൺഗ്രസ് (എം) മുന്നണി വിട്ടതിനെ തുടർന്ന് ഭൂരിപക്ഷം നഷ്ടമായതും എതിരാളികൾ അധികാരത്തിലേറിയതുമൊക്കെ അതിൽപെടും. കേരള കോൺഗ്രസ് മനസുമാറ്റി മടങ്ങിയതിന് പിന്നാലെ അവസാനവർഷം ഭരണം തിരിച്ചുപിടിച്ച് കാലാവധി തികച്ചെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രശ്നങ്ങളുടെ നടുവിലാണിവിടെ കാലങ്ങളായി മേധാവിത്വമുള്ള യു.ഡി.എഫ്.
പഞ്ചായത്തിലെ ഒന്നാം വാർഡായ കൊല്ലാടയിൽ കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന ജമീലാ കോളയത്താണ് സ്വതന്ത്ര സ്ഥാനാനാർത്ഥിയായി പത്രിക നൽകി കാത്തിരിക്കുന്നത്. അഞ്ചാം വാർഡിൽ മറ്റൊരു നേതാവ് കളത്തിൽ ബേബിയും 19ാം വാർഡിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് മുൻവൈസ് പ്രസിഡന്റായ പി.എം.റമീമയും സ്വന്തം പാർട്ടിക്കെതിരെ പത്രിക നൽകി കാത്തിരിക്കുകയാണ്. കോൺഗ്രസിന് ജയസാദ്ധ്യതയുള്ള വാർഡുകളാണ് ഇവ മൂന്നുമെന്നതാണ് ഏറെ കൗതുകകരം.
പത്രികയുടെ സൂഷ്മ പരിശോധന കഴിഞ്ഞിട്ടും ഇവിടെ പ്രശ്നങ്ങൾ അതെപടി നിലനിൽക്കുകയാണ്.
നയിക്കേണ്ടവർ തന്നെ റിബലായി രംഗത്ത് വന്നത് നേതൃത്വത്തിന്റെ പിഴവാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നേതൃത്വം തങ്ങളെ അവഗണിച്ചുവെന്നും ഏകപക്ഷീയ നിലപാട് സ്വീകരിച്ചുമെന്നുമാണ് റിബൽ സ്ഥാനാർത്ഥികളുടെ ആരോപണം. കോൺഗ്രസിനും, യു.ഡി.എഫിനും നിർണായക ഭൂരിപക്ഷമുളള പഞ്ചായത്തിൽ റിബൽ സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് മുന്നണിയുടെ ആശ്വാസം. ജില്ലാ തലത്തിലാണ് സമവായ ചർച്ചകൾ നടക്കുന്നത്.പ്രാദേശിക നേതൃത്വത്തിന് എതിരെയാണ് റിബലായി പത്രിക നൽകിയവരുടെ പ്രതിഷേധം.