തളിപ്പറമ്പ്: തെങ്ങ് ചെത്തുന്നതിനിടയിൽ ബോധരഹിതനായി തെങ്ങിൻ മുകളിൽ കുടുങ്ങിയ ചെത്തു തൊഴിലാളിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

പതിവുപോലെ ആൾത്താമസമില്ലാത്ത കോൾത്തുരുത്തി എ.കെ.ജി ഐലന്റിൽ തെങ്ങ് ചെത്താനായി പോയ കോൾത്തുരുത്തിയിലെ പുതിയ പുരയിൽ രവീന്ദ്രൻ (55) താഴെയിറങ്ങാതിരിക്കുകയും വിളിച്ചിട്ട് പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെയാണ് കൂടെ തെങ്ങു ചെത്താൻപോയ സഹപ്രവർത്തകർ അഗ്നിശമനസേനയെ അറിയിച്ചത്.

തളിപ്പറമ്പ് അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് മറ്റ് ചെത്തുതൊഴിലാളികളുടെ കൂടി സഹായത്തോടെ വല ഉപയോഗിച്ച് രവീന്ദ്രനെ താഴെയിറക്കിയത്.

കോൾത്തുരുത്തിയിൽ നിന്ന് ആന്തൂർ നഗരസഭയുടെ അധീനതയിലുള്ള എ.കെ.ജി ഐലന്റിലേക്ക്‌ പോകാൻ പാലമില്ലാത്തതിനാൽ അഗ്നിശമനസേനാ വാഹനം കോൾത്തുരുത്തിയിൽ നിർത്തി ജീവൻരക്ഷാ ഉപകരണങ്ങളുമായി രണ്ടു തോണികളിലാണ് സേനാംഗങ്ങൾ ഐലന്റിലെത്തിയത്. അബോധാവസ്ഥയിലായ രവീന്ദ്രനെ അതീവ സാഹസികമായിട്ടാണ് അഗ്നിരക്ഷാസേന താഴെയിറക്കിയത്. രവീന്ദ്രൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഹരിനാരായണൻ,സേനാംഗങ്ങളായ രാജേഷ്, രഞ്ജു, നന്ദകുമാർ, ഹോംഗാർഡുമാരായ മാത്യു, ജയൻ, സജീന്ദ്രൻ എന്നിവരും അഗ്നിശമനസേനാ സംഘത്തിൽ ഉണ്ടായിരുന്നു.