peravoor
കാഞ്ഞിരപ്പുഴയോരത്തെ കൈയേറ്റം പരിശോധിക്കാൻ റവന്യു അധികൃതർ എത്തിയപ്പോൾ

പേരാവൂർ: കാഞ്ഞിരപ്പുഴയോരത്തെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയ സംഭവത്തിൽ ഇരിട്ടി താലൂക്ക് അധികൃതർ പരിശോധന തുടങ്ങി. മുഖ്യമന്ത്രി, പൊതുമരാമത്ത്, റവന്യൂ മന്ത്രിമാർ, സംസ്ഥാന ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവർക്ക് പൊതുപ്രവർത്തകനായ നിഷാദ് മണത്തണ 2016ൽ നല്കിയ പരാതിയിന്മേലാണ് ഇപ്പോൾ അന്വേഷണമാരംഭിച്ചത്.

താലൂക്ക് സർവ്വേയർ, പേരാവൂർ വില്ലേജ് അധികൃതർ എന്നിവർ കാഞ്ഞിരപ്പുഴയോരത്തെത്തി അതിരുകൾ കണ്ടെത്തി മടങ്ങി. ഈ മാസം 27ന് വീണ്ടും പരിശോധന പുന:രാരംഭിക്കും. കാഞ്ഞിരപ്പുഴക്ക് പുതിയപാലം നിർമ്മിക്കുന്ന കാലത്താണ് പുഴയുടെ ഇരു ഭാഗങ്ങളിലുമായി സ്ഥലം അക്വയർ ചെയ്ത് സർക്കാർ ഏറ്റെടുത്തത്.


ഏറ്റെടുത്ത സ്ഥലത്തിന്റെ ബാക്കിയും പഴയ പാലത്തിലേക്കുള്ള റോഡുമുൾപ്പടെ 60 സെന്റിലധികം ഭൂമി പൊതുമരാമത്ത് വകുപ്പിന് ഇവിടെയുണ്ട്. ഈ ഭൂമിയാണ് വ്യാപകമായി കയ്യേറിയിട്ടുള്ളത്. കൈയേറ്റത്തിനെതിരെ 15 വർഷങ്ങൾക്ക് മുൻപ് പ്രദേശവാസികൾ കർമ്മസമിതിയുണ്ടാക്കി പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് റവന്യു ഉദ്യോഗസ്ഥരെത്തി ഭൂമി അളന്നപ്പോൾ ഭൂമി കൈയേറിയതായി സ്ഥിരീകരിക്കുകയും സ്ഥലം അടയാളപ്പെടുത്തുകയും ചെയ്‌തിരുന്നു.എന്നാൽ പിന്നീട് ഇതിന്മേൽ നടപടിയുണ്ടായില്ല.

ഇതിനുശേഷം ബാക്കിയുള്ള സർക്കാർ ഭൂമിയും കാഞ്ഞിരപ്പുഴയുടെ പുറമ്പോക്കും സ്വകാര്യവ്യക്തികൾ കൈയേറിയതോടെയാണ് ഉന്നത അധികൃതർക്ക് പരാതി പോയത്. ഇരുഭാഗങ്ങളിലുമായി പുഴയും റോഡും ഇവിടെ കൈയേറിയിട്ടുണ്ട്. പുഴയോരത്തെ നിരവധി മരങ്ങൾ കടത്തിയതായും നാട്ടുകാർ പറയുന്നു. ഇവിടെ പുഴയ്ക്ക് 45 മീറ്റർ വീതി ഉണ്ടെന്നു രേഖകൾ പറയുന്നുണ്ടെങ്കിലും ഇപ്പോൾ നന്നേ ശോഷിച്ച നിലയിലാണ്.

തടയാതെ വില്ലേജ് അധികൃതർ

അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോൾ പോലും പുഴ പുറമ്പോക്ക് കൈയേറി നിർമ്മാണപ്രവർത്തനം നടത്തുന്നത് തടയാൻ പേരാവൂർ വില്ലേജ് അധികൃതർ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. പേരാവൂർ ടൗണിന് ഏറ്റവും അടുത്ത ദൂരത്തായി ഇത്രയും സ്ഥലം ഉണ്ടായിട്ടും നാടിന് പ്രയോജനകരമായ ഒരു സ്ഥാപനം നിർമ്മിക്കാൻ ശ്രമം നടക്കുന്നില്ലെന്നും നാട്ടുകാ‌ർ കുറ്റപ്പെടുത്തുന്നു. 'ടെയ്ക്ക് എ ബ്രേക്ക്' വഴിയോര റെസ്റ്റ് റൂമുകൾ നിർമ്മിക്കുന്നതുൾപ്പെടെ പ്രധാനപാതയ്ക്കു അരികിലുള്ള സ്ഥലം എന്ന നിലയ്ക്ക് ഉപയോഗിക്കാൻ കഴിയുമെന്നിരിക്കെയാണ് ഈ അലംഭാവം.

'ഈ സ്ഥലം സർക്കാർ തിരിച്ചുപിടിച്ചാൽ നാടിന് ആവശ്യമായ സ്ഥാപനങ്ങൾ ഉൾപ്പെടെ പണിയാൻ സാധിക്കും. തൊട്ടടുത്തായി പഞ്ചായത്തിന് സൗജന്യമായി വിട്ടു നൽകിയ ഭൂമി പോലും കൈയേറിയ അവസ്ഥയിൽ അനധികൃത കൈയേറ്റം അടിയന്തിരമായി സർക്കാർ തന്നെ ഇടപെട്ട് തടയണം​ -നിഷാദ് മണത്തണ