കാഞ്ഞങ്ങാട‌്: കാഞ്ഞങ്ങാട‌് ടൗൺ സ‌്ക്വയർ യാഥാർത്ഥ്യമാവുന്നു. 4.98 കോടിയുടെ പദ്ധതി പ്രവൃത്തി തുടങ്ങി. പദ്ധതി സ്ഥലം മാർക്ക് ചെയ്തു. കാടുകൾ വെട്ടിത്തെളിച്ചു. സാധന സാമഗ്രികൾ സൈറ്റിൽ ഇറക്കി. കാസർകോട‌് വികസന പാക്കേജിൽപെടുത്തി നേരത്തേ വകയിരുത്തിയ 52 ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി 5. 5 കോടിയുടെ പദ്ധതിയാണ‌് നടപ്പിലാവുക. ടൗൺ സ്ക്വയർ 1.53 ഹെക്ടർ സ്ഥലത്ത് വ്യാപിക്കുമെന്നാണ‌് കണക്ക്.
ടൂറിസം വകുപ്പാണ് പ്ലാനും പദ്ധതിയും തയ്യാറാക്കിയത്. ഹോസ‌്ദുർഗ‌് കോട്ടയുടെ സമീപത്ത‌് 60 സെന്റ‌് സ്ഥലം റവന്യു വകുപ്പ‌് ടൗൺസ‌്ക്വയർ നിർമിക്കാനായി ടൂറിസം വകുപ്പിന‌് വിട്ടു നൽകിയിട്ടുണ്ട‌്. നഗരത്തിന്റെ പ്രധാനകേന്ദ്രവും ബസ‌് സ‌്റ്റാൻഡും നിൽക്കുന്ന കോട്ടച്ചേരിയിൽ നിന്ന‌് അര കിലോമീറ്റർ തെക്ക‌് പുതിയകോട്ടയിലാണിത്. മുനിസിപ്പൽ കാര്യാലയവും ഭരണ സംബന്ധമായ കെട്ടിടങ്ങളും പൊലീസ് സ്റ്റേഷനും കോടതിയുമെല്ലാം ഉൾപ്പെടുന്ന നഗരഭരണ സിരാകേന്ദ്രത്തിലാണ് ടൗൺ സ്ക്വയറും വരുന്നത്.
7.75 കോടി രൂപയുടെ പദ്ധതിയാണ‌് ആദ്യം സമർപ്പിച്ചത‌്. തുടർന്നുള്ള ചർച്ചയിൽ ചില മാറ്റങ്ങൾകൂടി പരിഗണിച്ചു.
കൂടുതൽ സ്ഥലം ആവശ്യമായി വരികയാണെങ്കിൽ റവന്യുവകുപ്പിന്റെ കൈയിൽനിന്നുള്ള സ്ഥലം അനുവദിക്കാൻ നടപടി സ്വീകരിച്ചു കഴിഞ്ഞു. ടൂറിസം വകുപ്പിന്റെ കോഴിക്കോട‌് സി എർത്ത‌് ആർക്കിടെക്ട‌് ഗ്രൂപ്പിലെ രാജീവ‌് മാനുവലിന്റേതാണ് മാതൃക. ടൗൺ സ‌്ക്വയറും ഫ‌്ളൈഓവറും കൂടി വരുന്നതോടെ കാഞ്ഞങ്ങാട‌് ടൂറിസം രംഗത്ത‌് കുത്തിച്ചു ചാട്ടം സാദ്ധ്യമാകും.
സൗകര്യങ്ങൾ
ഒരേസമയം 15 കാറുകൾക്കും 20 ടൂവീലറുകൾക്കും പാർക്ക‌് ചെയ്യാനുള്ള സ്ഥലം, കച്ചവടസ്ഥാപനങ്ങൾക്കുള്ള സൗകര്യം, റെയിൻ പവലിയനും അനുബന്ധമായി കച്ചവടത്തിനുള്ള സൗകര്യവും, റാമ്പുകൾ, ഇരിപ്പിടങ്ങൾ, സ‌്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിമുറി, മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യം, സ‌്റ്റോർ റൂം, ഇലക്ട്രിക്കൽ റൂം, ലഘുഭക്ഷണശാല, ഗെയിമിംഗ് സോൺ, പ്രദർശനനഗരി, മഴവെള്ള സംഭരണി, തെരുവു വിളക്കുകൾ, വയോജന വിശ്രമകേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, സിസിടിവി സംവിധാനം, സെക്യൂരിറ്റി ക്യാബിൻ, പരസ്യബോർഡുകൾ വയ‌്ക്കാനുള്ള സംവിധാനം, വാട്ടർ ടാങ്ക‌്, ദിശാസൂചന നൽകുന്ന ബോർഡുകൾ, ആംഫി തിയേറ്റർ, ആർട്ട‌് ഗ്യാലറി, വായനകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും.