kb-
കെ.ബി മുഹമ്മദ് കുഞ്ഞി

കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി പങ്കുവച്ച ഒരു പോസ്റ്റാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ സജീവചർച്ചയായത്.

. 'പണം ഇല്ലാത്തത് ഇപ്പോൾ എനിക്ക് വിനയായി, ഇല്ലാത്തവനെക്കുറിച്ചുള്ള ഇല്ലാത്തരങ്ങളും ചർച്ചയ്ക്ക് വിധേയമായി. കുടുംബമേ മാപ്പ്. എന്നായിരുന്നു കുറിച്ചത്. ഇതിനെ അനുകൂലിച്ച് നിരവധി പ്രവർത്തകരാണ് കമന്റ് ചെയ്തിട്ടുള്ളത്.

1978 മുതൽ മുസ്ലീംലീഗിന്റെ സജീവ പ്രവർത്തകനായാണ് മുഹമ്മദ് കുഞ്ഞിയുടെ രാഷ്ട്രീയ പ്രവേശം. 2000 - 05 കാലയളവിൽ മുളിയാർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായിരുന്നു. അക്കാലയളവിലാണ് പഞ്ചായത്തിന് സ്വരാജ് ട്രോഫി പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജില്ലാ ആസൂത്രണ സമിതി അംഗമായിരുന്നു. ജില്ലാപഞ്ചായത്തിൽ ദേലംപാടിയിലോ ചെങ്കളയിലോ കെ.ബി. മുഹമ്മദ് കുഞ്ഞിക്ക് സീറ്റ് നൽകണമെന്ന് പ്രാദേശിക കമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്തരിച്ച മുൻ എം.എൽ.എ പി.ബി അബ്ദുൾ റസാഖിന്റെ മകൻ പി.ബി ഷെഫീഖിനെയാണ് നേതൃത്വം അവിടെ സ്ഥാനാർത്ഥിയാക്കിയത്. മുളിയാർ പഞ്ചായത്തിലെ ഒരു വാർഡിലേക്കും കെ.ബിയെ പരിഗണിച്ചിരുന്നെങ്കിലും അതും ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് മുസ്ലിം ലീഗിലെ പണാധിപത്യം ചർച്ചയാക്കിക്കൊണ്ട് മുഹമ്മദ് കുഞ്ഞിയുടെ ഫേസ് ബുക്ക് പോസ്റ്റ് വന്നത്.

മുഹമ്മദ് കുഞ്ഞിയുടെ പോസ്റ്റിനോട് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കാസർകോട് ജില്ലയിൽ പല സ്ഥലങ്ങളിലും നേതാക്കളുടെ മക്കൾക്കും ഭാര്യമാരടക്കമുള്ളവർക്കും സ്ഥാനാർത്ഥിത്വം ലഭിച്ച സാഹചര്യത്തിലാണ് മുഹമ്മദ്കുഞ്ഞിയുടെ പോസ്റ്റ്.

മുസ്ലിം ലീഗിൽ പണാധിപത്യമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പോലും കൂടുതൽ പണമുള്ളവർ മുന്നിലെത്തുന്ന സ്ഥിതിയുണ്ട്. കെ.ബി.മുഹമ്മദ് കുഞ്ഞി