satha
ടി.വി.ശാന്ത

നീലേശ്വരം: ബ്ളോക്ക് പഞ്ചായത്ത് അംഗം, പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, നഗരസഭ വൈസ് ചെയർപേഴ്സൺ എന്നിങ്ങനെ ടി.വി.ശാന്തയെന്ന നാട്ടിൻപുറത്തുകാരിയായ സി.പി.എം നേതാവ് നീലേശ്വരത്ത് വഹിച്ച പദവികളേറെ. ഇക്കുറി നീലേശ്വരം നഗരസഭയുടെ അദ്ധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് പാർട്ടി ഈ 63കാരിയെ വീണ്ടും നഗരസഭ കൗൺസിലിലേക്ക് മത്സരിപ്പിക്കുന്നത് അവരിലുള്ള വിശ്വാസം കൊണ്ടുതന്നെയാണ്.

1995 ലാണ് ചെറുവത്തൂർ ഡിവിഷനിൽ നിന്ന് യു.ഡി.എഫിലെ മാധവിയെ പരാജയപ്പെടുത്തി ശാന്ത ബ്ളോക്ക് പഞ്ചായത്തംഗമായത്. അന്നത്തെ എതിരാളി ഇന്ന് എൽ.ഡി.എഫ് പ്രവർത്തകയാണെന്നതും ശ്രദ്ധേയമാണ്. ചാത്തമത്ത് ദിനേശ് ബീഡി കമ്പനിയിൽ തൊഴിലാളിയായിരിക്കെയാണ് ടി.വി. ശാന്ത പാർട്ടിയുടെ ഉശിരൻ പ്രവർത്തകയായത്. 2000 ൽ നീലേശ്വരം പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജനറൽ വാർഡായ ചാത്തമത്താണ് ശാന്തയെ മത്സരിപ്പിച്ചത്. അന്ന്

ഐ. നാരായണനെ പരാജയപ്പെടുത്തിയ ടി.വി. ശാന്ത നീലേശ്വരം പഞ്ചായത്ത് പ്രസിഡന്റുമായി. നീലേശ്വരം നഗരസഭയായ 2010 ൽ കുഞ്ഞിപ്പുളിക്കാൽ വാർഡിൽ യു.ഡി.എഫിലെ സൗദാമിനിയെ 250 വോട്ടിന് പരാജയപ്പെടുത്തി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി. ഒന്നര വർഷത്തിനു ശേഷം വൈസ് ചെയർപേഴ്സൺ പദവിയും ഇവരെ തേടിയെത്തി .

താൻ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നീലേശ്വരത്ത് നടന്ന വികസനപ്രവൃത്തികൾ എണ്ണിപ്പറയുന്നുണ്ട് ഈ സ്ഥാനാർത്ഥി. 22 കുടിവെള്ള പദ്ധതികൾ, പഞ്ചായത്ത് ഓഫീസ് നവീകരണം, കൃഷിഭവൻ, അങ്കണവാടികൾക്ക് കെട്ടിടം, സാംസ്കാരിക നിലയം, ചിറപ്പുറത്തെ മാലിന്യപ്ലാന്റിന് തുടക്കം കുറിച്ചത് എന്നിങ്ങനെ നീളും അത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരിക്കുമ്പോഴാണ് താലൂക്ക് ആശുപത്രി, പള്ളിക്കര ബൈപാസ് റോഡ്, ചാത്തമത്ത് ശിശുമന്ദിര നിർമ്മാണം എന്നിവ പൂർത്തികരിച്ചത്. നഗരസഭയിലെ എല്ലാ വാർഡുകളിലും വനിതാ സ്വയംസംഘങ്ങൾ രൂപീകരിച്ചത് വൈസ് ചെയർപേഴ്സണായ കാലയളവിലും.

സി.പി.എം. നീലേശ്വരം ഏരിയ കമ്മിറ്റി അംഗം, തേജസ്വിനി സഹകരണ ആശുപത്രി ഡയറക്ടർ, നീലേശ്വരം അഗ്രികൾച്ചർ വെൽവെയർ സഹകരണ സംഘം ഡയറക്ടർ എന്നീ സ്ഥാനങ്ങളും ഇവർ വഹിക്കുന്നു. കുഞ്ഞിപ്പുളിക്കാൽ വാർഡിൽ തന്നെയാണ് ഇക്കുറി ജനവിധി തേടുന്നത്.