ambadi

കാസർകോട്: കൊവിഡ് കാലത്ത് ആദിവാസി കലാകാരന്റെ പാരമ്പര്യ കരവിരുത് അന്താരാഷ്ട്ര വേദിയിൽ. കാസർകോട്ടെ മലയോര ഗ്രാമമായ മാലോം പുങ്ങൻചാലിലെ ആദിവാസി കലാകാരനായ എടത്തിൽ അമ്പാടി പരമ്പരാഗതമായി കിട്ടിയ കരവിരുത് കൊണ്ട് വിസ്മയിപ്പിച്ചു.പതിറ്റാണ്ടുകൾക്ക് മുമ്പ് ഏക്കറുകൾ വരുന്ന നെൽപ്പാടത്ത് മഴയെ ചെറുത്ത് പണിയെടുക്കാൻ തൊഴിലാളികൾ ചൂടിയിരുന്ന 'കൊരമ്പ' നിർമ്മിച്ചാണ് അമ്പാടി മനം കവർന്നത്.യുനെസ്കോയുടെ കീഴിലുള്ള ദക്ഷിണ കൊറിയൻ സാംസ്കാരിക സ്ഥാപനമായ ഐ.സി.എച്ച്.സി.എ.പിയുടെ ആഭിമുഖ്യത്തിൽ 'ആപത്ത് കാലത്തെ ഉന്മേഷ കലകൾ' എന്ന പേരിൽ നവമ്പർ 12, 13 തിയതികളിൽ നടന്ന ഓൺലൈൻ സെമിനാറിൽ ഇന്ത്യയിൽ നിന്ന് അമ്പാടിക്ക് അവസരം ലഭിച്ചു. ഫോക്ലാന്റ് ചെയർമാൻ ഡോ.വി.ജയരാജനാണ് ഇതിന് വഴിയൊരുക്കിയത്. കൊരമ്പയുടെ നിർമ്മാണ രീതികൾ, ഉപയോഗം, കലാപൈതൃകം എന്നിവ പരിചയപ്പെടുത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ അമ്പാടി പ്രത്യക്ഷപ്പെട്ടു. തമ്പാൻ കൊടിയംകുണ്ടിന്റെ സഹായത്തോടെ സതീശ് ബങ്കളവും, കെ.സുരേശനും ചേർന്നാണ് വീഡിയോ ചിത്രീകരിച്ചത്.

എട്ട് രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പമാണ് അമ്പാടി പങ്കാളിയായത്. 82 വയസ്സുള്ള അമ്പാടി, പുങ്ങൻചാലിലെ കൊടിയംകുണ്ട് തറവാട്ടുകാരുടെ കൃഷിക്കാരനായിരുന്നു. കൊരമ്പകൾ കൃഷിപ്പണി ചെയ്യുമ്പോൾ മഴയിൽ നിന്ന് പൂർണ്ണമായി സംരക്ഷിക്കുമെന്ന് എടത്തിൽ അമ്പാടി പറഞ്ഞു.

കൊരമ്പ

കാട്ടിൽ നിന്ന് ശേഖരിക്കുന്ന മുളയിനത്തിലുള്ള ഒാടയും കൂവയിലയും ഉണക്കിയാണ് നിർമ്മാണം.

കാട്ടുവള്ളി കൊണ്ടാണ് കെട്ടുന്നത്. തലയിൽ ചൂടി നിന്ന് പണിയെടുക്കാം.

നൂറു വർഷത്തോളം കേടാകാതിരിക്കും.

മഴ സീസൺ കഴിഞ്ഞാൽ തട്ടിൻപുറങ്ങളിൽ സൂക്ഷിക്കും.

തുടി കൊട്ടും അമ്പാടി
മംഗലംകളിയുടെ തുടി നിർമ്മാണത്തിലും, എരുതുകളിയുടെ എരുത് നിർമ്മാണത്തിലും വിദഗ്ദ്ധനാണ് അമ്പാടി. 2003 ൽ തിരുവനന്തപുരത്ത് അന്നത്തെ സാംസ്കാരിക മന്ത്രി ജി.കാർത്തികേയൻ, കാവാലം നാരായണപ്പണിക്കർ എന്നിവരുടെ മുമ്പാകെ മംഗലംകളിയുടെ കുലപതി കാരിച്ചിയുടെ നൃത്തച്ചുവടിന് തുടി കൊട്ടിയിരുന്നു.