തൃക്കരിപ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി പി.കെ. ശ്രീമതിയുമടക്കമുള്ള ഇടതുപക്ഷ നേതാക്കന്മാരുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സ്വരമധുര ഗാനങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയയായ ഇടയിലക്കാട്ടിലെ സാന്ദ്ര സജീവൻ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത് സ്വന്തം പിതാവിനു വേണ്ടി. വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥി വി.വി. സജീവനു വേണ്ടി പാടിയ പാട്ടുകൾ ഇതിനകം വൈറലായി.
കാവുമ്പായിയുടെ സമര ചരിത്രത്താളിൽ നിന്നുള്ള 4 പാട്ടുകളാണ് സാന്ദ്ര അച്ഛന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാടിയത്.
2014 ൽ കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയായ പി.കെ. ശ്രീമതിക്കു വേണ്ടി "ശ്രീമതി ടീച്ചറെൻ അമ്മയെ പോലിഷ്ടം" എന്ന ഗാനം ആലപിച്ച് ശ്രദ്ധേയയായ സാന്ദ്ര പിന്നീട് അക്കാലത്ത് അരുവിക്കര ഉപതിരത്തെടുപ്പിൽ എം.വിജയകുമാറിനായി പാടിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം. രാജഗോപാലൻ എം.എൽ.എ, കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വി.പി.പി. മുസ്തഫ, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ.പി. സതീഷ് ചന്ദ്രൻ എന്നിവർക്കു വേണ്ടിയെല്ലാം ഗാനങ്ങൾ ആലപിച്ച ഈ പ്ലസ് ടു വിദ്യാർത്ഥിനി ഇടതു പക്ഷത്തിന്റെ സ്വന്തം ഗായികയാണ്. മികച്ച അനൗൺസറായും പ്രവർത്തിക്കുന്നു.
12 വർഷമായി രാജേഷ് തൃക്കരിപ്പൂരിന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുന്ന സാന്ദ്ര വി.വി. സജീവന്റെയും സൃഷയുടെയും മകളാണ്. തൃക്കരിപ്പൂർ സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.