കാസർകോട്: സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് എൽ.ഡി.എഫ് 25 ന് വൈകുന്നേരം 5 മണിക്ക് പഞ്ചായത്ത് സഗരസഭാ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

കേരളത്തെ സംരക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വികസന സംരക്ഷണ ദിനമായാണ് പരിപാടി സംഘടിപ്പിക്കുക. സ്വർണ്ണ കള്ളക്കടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര അന്വേഷണ ഏജൻസികൾ എല്ലാ വികസന പദ്ധതികളും സ്തംഭിപ്പിക്കാൻ നോക്കുകയാണെന്നും കെ ഫോൺ , ഇ മൊബലിറ്റി ,ടോറസ് പാർക്ക് ,ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിൽ അവർ ഇടപെട്ടു കഴിഞ്ഞുവെന്നും ജില്ലാ കൺവീനർ കെ.പി സതീഷ് ചന്ദ്രൻ പറഞ്ഞു.

ഇതിന്റെ തുടർച്ചയായാണ് കിഫ്ബി വഴി വായ്പ എടുക്കുന്നത് നിയമ വിരുദ്ധമാണെന്ന സി ആൻഡ് എ ജി റിപ്പോർട്ട്. ഇതുവഴി സംസ്ഥാനത്താകെ നടത്തുന്ന 60,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നിർത്തിവെക്കാനാണ് ശ്രമം. സ്‌കൂളുകളുടെ ആധുനിക വൽക്കരണം ,ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തൽ ,ദേശീയ പാത വികസനം ,റോഡുകളുടെയും പാലങ്ങളുടെയും നിർമ്മണം തുടങ്ങിയവ ഇല്ലാതാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലിവിളിയാണെന്നും അദ്ദേഹം പറഞ്ഞു.