കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ റിബലുകളെ അനുനയിപ്പിക്കാനുള്ള ശ്രമം സജീവമാക്കി മുന്നണികൾ. സമ്മർദ്ദതന്ത്രങ്ങൾ ഉപയോഗിച്ചും വാഗ്ദാനങ്ങൾ നൽകിയും റിബലുകളുടെ സമവായത്തിലെത്തിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. സമവായമുണ്ടായില്ലെങ്കിൽ കനത്ത നഷ്ടമുണ്ടാകുന്ന വിലയിരുത്തലിലാണിത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ പലസ്ഥലങ്ങളിലും പതിവുപോലെ യു.ഡി.എഫിനാണ് വിമതശല്യം കൂടുതൽ. കണ്ണൂർ ജില്ലയിലെ വളപട്ടണം പഞ്ചായത്തിൽ ആകെയുള്ള 13 സീറ്റിൽ 10 വാർഡുകളിലും കോൺഗ്രസും മുസ്ലിം ലീഗും നേർക്കുനേർ പത്രിക സമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ ആറിടത്ത് മത്സരിച്ച കോൺഗ്രസ് സമ്പൂർണവിജയം നേടുകയും ഏഴിടത്ത് മത്സരിച്ച ലീഗ് മൂന്നിൽ ഒതുങ്ങുകയും ചെയ്തതാണ് വളപട്ടണത്ത് ലീഗ് അനുനയത്തിലെത്താത്തതിന് പിന്നിൽ.
ചെറുപുഴ ഗ്രാമപഞ്ചായത്തിൽ നിലവിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് തന്നെ വിമതയായി രംഗത്തുണ്ട് . പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കളത്തിൽ ബേബിയും പത്തൊമ്പതാം വാർഡിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി. എം റമീമയും ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ രംഗത്തുവന്നവരാണ്.
നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം വാർഡിൽ അഴിത്തല ശാഖ ലീഗ് പ്രസിഡന്റ് കെ. സൈനുദ്ദീൻ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പത്രിക നൽകിയിട്ടുണ്ട്. നീലേശ്വരം കിഴക്കൻ കൊഴുവൽ വാർഡിൽ വികസന കൂട്ടായ്മയുടെ പേരിൽ മത്സരിക്കുന്ന ടി.വി ഷീബ കോൺഗ്രസ് റിബലാണ്,.
ചെറുവത്തൂർ പഞ്ചായത്തിലെ വെങ്ങാട്ട് വാർഡിൽ മുസ്ലിംലീഗിലെ എ.സി ഇർഷാദിനെതിരെ കോൺഗ്രസ് പ്രവർത്തകനായ രാഘവനും പത്രിക നൽകിയിട്ടുണ്ട്. പടന്ന ഗ്രാമപഞ്ചായത്തിൽ മുൻ വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും റിബലായി രംഗത്തുണ്ട്. മുൻ വൈസ് പ്രസിഡന്റ് ടി.കെ സുബൈദ കഴിഞ്ഞ തവണ മത്സരിച്ച പന്ത്രണ്ടാം വാർഡിലും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ജി ഖമറുദ്ദീൻ പത്താം വാർഡിലും വിമതരാണ്.
പിലിക്കോട് ഗ്രാമ പഞ്ചായത്തിൽ സി.പി.ഐക്ക് അനുവദിച്ച തെക്കേ മാണിയാട്ടെ ഏക സീറ്റിൽ രവീന്ദ്രൻ മാണിയാട്ടിനെതിരെ സി.പി.എം പ്രവർത്തകൻ വി. രാജനും സി.പി.ഐ പ്രവർത്തകൻ അജിത്തും പത്രിക നൽകിയിരുന്നു. പാർട്ടി നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്ന് റിബലായി പത്രിക നൽകിയവർ ഇന്ന് പിൻവലിക്കുമെന്നാണ് പറയുന്നത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ നാലാം വാർഡിൽ സി.പി.ഐയ്ക്ക് അനുവദിച്ച സീറ്റിൽ സി.പി.എമ്മിൽ ഇടഞ്ഞുനിൽക്കുന്നവരുടെ സ്ഥാനാർത്ഥിയും പത്രിക നൽകിയിട്ടുണ്ട്.