election

കണ്ണൂർ: കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ മത്സരിച്ച് വിജയിച്ച ഡിവിഷനാണ് കടന്നപ്പള്ളി. ഇവിടെ ഇടതു പക്ഷത്തിനുള്ള വ്യക്തമായ മേൽക്കോയ്മ മുൻ തിരഞ്ഞെടുപ്പുകളിലെല്ലാം പ്രകടവുമാണ്. കടന്നപ്പള്ളി-പാണപ്പുഴ, എരമം -കുറ്റൂർ, ചെറുതാഴം, പെരിങ്ങോം എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങൾ ചേർന്നതാണ് കടന്നപ്പള്ളി ഡിവിഷൻ. ഇതിൽ പെരിങ്ങോം, എരമം -കുറ്റൂർ, കടന്നപ്പള്ളി-പാണപുഴ എന്നീ പഞ്ചായത്തുകൾ ഭരിക്കുന്നത് ഇടതുപക്ഷം തന്നെയാണ്. ചെറുപുഴ പഞ്ചായത്തിലെ ഒരു വാർഡ്, എരമം കുറ്റൂരിന്റെ രണ്ട് വാർഡ്, ചെറുതാഴം പഞ്ചായത്തിലെ ഒമ്പതാം വാർഡ്, പെരിങ്ങോം പഞ്ചായത്തിലെ ഏഴ് വാർഡ് എന്നിവിടങ്ങളിലാണ് യു.ഡി.എഫ് വിജയിച്ചത്.

ഇക്കുറി എൽ.ഡി.എഫിന്റെ ടി.തമ്പാൻ, യു.ഡി.എഫിന്റെ എൻ.വി.മധുസൂദനൻ, എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെ.എസിലെ പ്രഭാകരൻ മാങ്ങാടൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.

നേരത്തെ എരമം -കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ടി. തമ്പാൻ. മൂന്നാം തവണയാണ് യു.ഡി.എഫിന്റെ എൻ.വി. മധുസൂദനൻ പോരാട്ടത്തിനിറങ്ങുന്നത്. പ്രഭാകരൻ മാങ്ങാടന് ജില്ലാ പഞ്ചായത്തിലേക്ക് ഇത് കന്നി അങ്കമാണ്. നേരത്തെ ഗ്രാമപഞ്ചായത്തിലേക്ക് രണ്ടുതവണ മത്സരിച്ചിട്ടുണ്ട്.

തികഞ്ഞ ആത്മവിശ്വാസത്തിലുള്ള എൽ.ഡി.എഫ് വികസന നേട്ടങ്ങൾ നിരത്തിയാണ് സീറ്റ് നിലനിർത്താൻ ശ്രമിക്കുന്നത്. ശുചിത്വ പദവി അംഗീകാരം, കുടുംബാരോഗ്യ കേന്ദ്രം മെച്ചപ്പെടുത്തിയത് ഉൾപ്പെടെ ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ, ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ചന്തപ്പുരയിൽ പണികഴിപ്പിച്ച വ്യാപാര സമുച്ചയം, കണ്ടോന്താറിൽ ആരംഭിക്കുന്ന പ്രാദേശിക ചരിത്ര സ്മാരകം, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 35 ഹെക്ടർ പച്ചക്കറി കൃഷി തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നിരത്തിയാണ് എൽ.ഡി.എഫ് പ്രചരണം .

തുടർച്ചയായുള്ള ഭരണത്തിലെ കോട്ടങ്ങൾ എടുത്തുകാട്ടിയാണ് യു.ഡി.എഫും എൻ.ഡി.എയും പ്രചാരണം ശക്തിപ്പെടുത്തുന്നത്. ഉൾനാടൻ ഗ്രാമങ്ങളിൽ വികസനം എത്താത്തതും ഗ്രാമീണ റോഡുകൾ പലതും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാത്തതും ഡിവിഷനിൽ നിലനിൽക്കുന്ന കുടിവെള്ള പ്രശ്നവുമെല്ലാം എടുത്തു കാട്ടിയാണ് ഇവർ പ്രചാരണം കൊഴുപ്പിക്കുന്നത്.

സ്ഥാനാർത്ഥിമൊഴി

കാലങ്ങളായി കടന്നപ്പള്ളി എൽ.‌ഡി.എഫിന് ഒപ്പമാണ്. ഡിവിഷനിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഇടതുപക്ഷ ഭരണത്തിന് സാധിച്ചിട്ടുണ്ട്. തുടർന്നും വിജയത്തിൽ ആശങ്കയില്ല

ടി.തമ്പാൻ, എൽ.ഡി.എഫ്

പല തരത്തിലുള്ള വികസന മുരടിപ്പ് ഡിവിഷനിൽ പ്രകടമാണ്. ഇതിൽ നിന്നെല്ലാം ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. യു.ഡി.എഫ് മികച്ച വിജയം കൈവരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ

എൻ.വി. മധുസൂദനൻ ,യു.ഡി.എഫ്

പ്രചരണം ശക്തിപ്പെടുത്തി മുന്നോട്ട് പോവുകയാണ്.നിലവിലെ ഭരണത്തിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.വിജയ പ്രതീക്ഷയുണ്ട്.

പ്രഭാകരൻ മാങ്ങാടൻ,എൻ.ഡി.എ