election-2019

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ വടക്കെ അറ്റത്തെ ഡിവിഷനാണ് കരിവെള്ളൂർ. എന്നും ഇടതു ചാഞ്ഞ ചരിത്രമുള്ള ഡിവിഷൻ ഇക്കുറി റിക്കാർഡ് ഭൂരിപക്ഷത്തോടെ സ്വന്തമാക്കാനുള്ള പ്രവർത്തനത്തിലാണ് ഇടതുമുന്നണി പ്രവർത്തകർ. രക്തസാക്ഷികളുടെ നാടായ കരിവെള്ളൂരും മുനയൻകുന്നും കരിവെള്ളൂർ ഡിവിഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളാണ്. മനോഹരകാഴ്ചകളുള്ള വയൽക്കര വയലും ജോസ്ഗിരിയും കുണിയനും ഡിവിഷന്റെ കീഴിൽ വരുന്ന മറ്റ് പ്രധാന കേന്ദ്രങ്ങളാണ്.

കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ്, പെരിങ്ങോം-വയക്കര, എരമം-കുറ്റൂർ, ചെറുപുഴ എന്നീ അഞ്ച് പഞ്ചായത്തുകളാണ് ഡിവിഷന്റെ കീഴിൽ വരുന്നത്. ഇതിൽ ചെറുപുഴ പഞ്ചായത്തിലെ മഞ്ഞക്കാട് വാർഡ് ഒഴികെ 19 വാർഡുകളും കരിവെള്ളൂർ ഡിവിഷനിൽ പെടും. പെരിങ്ങോം-വയക്കര പഞ്ചായത്തിൽ വയക്കര പ്രദേശവും ഡിവിഷന് പുറത്താണ്. കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകളിലെ മൊത്തം 28 വാർഡുകളിലും എൽ.ഡി.എഫ് പ്രതിനിധികളാണ്. എരമം-കുറ്രൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഡിവിഷന് പുറത്തുള്ളത്. അഞ്ച് പഞ്ചായത്തുകളിൽ ചെറുപുഴയിൽ മാത്രമാണ് യു.ഡി.എഫിന്റെ ഭരണം. യു.ഡി.എഫിലെ അന്തഃഛിദ്രവും കേരള കോൺഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയതും യു.ഡി.എഫിലെ റിബൽ ശല്യവും ഈ പഞ്ചായത്തിലും ഇടതു മുന്നണിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചെറുപുഴ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസന വിപ്ളവം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി.

കരിവെള്ളൂർ കൊഴുമ്മൽ സ്വദേശി എം. രാഘവനാണ് ഡിവിഷനിലെ ഇടതു മുന്നണി സ്ഥാനാർത്ഥി. ഡിവിഷനിൽ യു.ഡി.എഫിനുവേണ്ടി മഹേഷ് കുന്നുമ്മലും ബി.ജെ.പിക്കുവേണ്ടി സി.കെ. രമേശനും രംഗത്തുണ്ട്.

സ്ഥാനാർത്ഥി മൊഴി

വികസന പ്രവർത്തനങ്ങളുടെ തുടർച്ചയുണ്ടാകും. വയക്കരയിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ അഞ്ച് ഏക്കർ വയലുണ്ട്. ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കാൻ പ്രവർത്തിക്കും. കൂടാതെ ഡിവിഷനിലെ കുണിയനിലും ജോസ്ഗിരിയിലും വിനോദ സഞ്ചാരികൾക്കു വേണ്ടുന്ന സൗകര്യം ഒരുക്കും -

എം. രാഘവൻ (എൽ.ഡി.എഫ്)

ജയിച്ചു കഴിഞ്ഞാൽ ഡിവിഷനിലേക്ക് തിരിഞ്ഞു നോക്കാത്തവരാണ് ഇടതുപക്ഷത്തുനിന്ന് ജയിച്ചുപോകുന്നത്. ഈ നില മാറണം. രാഷ്ട്രീയത്തിനും മതത്തിനും അപ്പുറം ജനങ്ങളിലേക്ക് വികസന പദ്ധതികൾ എത്തണം. അതിനു വേണ്ടി പ്രവർത്തിക്കും. ജനങ്ങളിലേക്ക് ഇറങ്ങിയപ്പോൾ വിജയ പ്രതീക്ഷയുണ്ട് -

മഹേഷ് കുന്നുമ്മൽ, യു.ഡി.എഫ്

കരിവെള്ളൂർ ഡിവിഷനിലെ അംഗങ്ങൾ ഇന്നുവരെ വലിയ പരാജയമായിരുന്നു. കൊവിഡ് കാലത്തുപോലും ഉണർന്നു പ്രവർത്തിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തും. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കും

-സി.കെ. രമേശൻ - എൻ.ഡി.എ