കണ്ണൂർ: ജൽ ജീവൻ കുടിവെള്ള പദ്ധതി നിശ്ചലാവസ്ഥയിൽ. നിലവിലുള്ള 24 ലക്ഷം പൈപ്പ് കണക്ഷനുകൾ നാലു മാസം കൊണ്ട് ഇരട്ടിയാക്കാനുള്ള കേരള വാട്ടർ അതോറിറ്റിയുടെ ലക്ഷ്യമാണ് പ്രതിസന്ധിയിലായത്. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഏറെ ഗുണകരമാകുന്നതാണ് പദ്ധതി. കേന്ദ്ര-സംസ്ഥാന തദ്ദേശ സ്വയംഭരണ സർക്കാരുകളുടെയും ഉപഭോക്താക്കളുടെയും മുതൽ മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ രാജ്യവ്യാപകമായി യുദ്ധകാലാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കുന്നതിനാൽ ജലവിതരണ പൈപ്പുകൾക്ക് ക്ഷാമം നേരിടുന്നുവെന്നാണ് പദ്ധതി വൈകുന്നതിന്റെ കാരണമായി പറയുന്നത്. വിലയിൽ മൂന്ന് മാസത്തിനുള്ളിൽ 50 ശതമാനത്തോളം വർദ്ധനയുമുണ്ടായി. പദ്ധതിക്കു വേണ്ടി പണം മുടക്കാൻ കരാറുകാർക്ക് കഴിയുന്നില്ല.

വാട്ടർ അതോറിറ്റി വിവിധ പദ്ധതികൾക്കായി നടത്തിച്ച പണികളുടെ 2000 കോടി രൂപ കരാറുകാർക്ക് കുടിശ്ശികയാണെന്നും പറയുന്നു. പൊതുമരാമത്ത് ജലവിഭവ വകുപ്പുകളിലെപ്പോലെ ബിൽ ഡിസ്‌കൗണ്ടിംഗ് നടപ്പാക്കിയാൽ ഒരു പരിധി വരെ പ്രശ്‌നം പരിഹരിക്കാം. എന്നാൽ അതിനുള്ള നടപടികൾ അനന്തമായി നീളുകയാണ്. കുടിശ്ശികയുടെ നല്ല പങ്ക് ലഭിയ്ക്കാതെ ജൽ ജീവൻ പദ്ധതിയിൽ പണം മുടക്കാൻ കഴിയില്ലെന്നാണ് കരാറുകാരുടെ നിലപാട്.
പൈപ്പുകളുടെ ഗുണനിലവാര സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ഏജൻസിയെ മാത്രമാണ് അധികാരപ്പെടുത്തിയിട്ടുള്ളത്. മുമ്പ് 0.06 ശതമാനം മാത്രമായിരുന്നു പരിശോധനാ ഫീസ്. പുതിയ ഏജൻസി 0.7%. ഈടാക്കുന്നു. കൂടാതെ കാലതാമസവും ഉണ്ടാകുന്നു. താങ്ങാനാവാത്ത ഫീസും കാലതാമസവും പണിയുടെ നടത്തിപ്പിൽ പ്രയാസം ഉണ്ടാക്കുന്നുവെന്ന പരാതിയും കരാറുകാർക്കുണ്ട്.

ഗുണനിലവാര പരിശോധനയ്ക്ക് കൂടുതൽ ഏജൻസികളെ ചുമതലപ്പെടുത്തകയും ചെലവ് സർക്കാർ വഹിക്കുകയും ചെയ്യണമെന്നാണ് കരാറുകാർ ആവശ്യപ്പെടുന്നത്. പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് പണം ലഭ്യമാക്കുമെന്നാണ് വാട്ടർ അതോറിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറും പറയുന്നത്.

പദ്ധതി ചെലവ് വഹിക്കുന്നത്

കേന്ദ്ര സർക്കാർ 50%

സംസ്ഥാന സർക്കാർ 25%
തദ്ദേശ സ്വയംഭരണ സ്ഥാപനം 15%

ഉപഭോക്താക്കൾ 10%

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്ത് പൈപ്പുകളുടെ ലഭ്യതയും ന്യായവിലയും ഉറപ്പാക്കുന്നില്ലെങ്കിൽ പണികൾ ഉപേക്ഷിക്കുവാൻ കരാറുകാർ നിർബന്ധിതരാകും.

വർഗീസ് കണ്ണമ്പള്ളി, പ്രസിഡന്റ്,

കേരളാ ഗവ. കോൺട്രാക് ടേഴ്‌സ് അസോസിയേഷൻ