കണ്ണൂർ: ഒരു റോംഗ് നമ്പർ വിളിയിലൂടെയാണ് മുൻമി ഗോഗോ ഇരിട്ടിക്കാരനായ കെ.എൻ. ഷാജിയുടെ ജീവിതത്തിലെത്തിയത്. ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിത്വവും വീട് വച്ചുനൽകുമെന്ന നടനും എം.പിയുമായ സുരേഷ് ഗോപിയുടെ വാഗ്ദാനവും കൂടിയായതോടെ ഇരട്ടിമധുരമാണ് ഈ അസാം സ്വദേശിനിക്ക് ലഭിച്ചത്.
മുൻമിയും ഭർത്താവും ഉവാപ്പള്ളിയിലെ ഒറ്റമുറി വാടക വീട്ടിലാണ് താമസിക്കുന്നതെന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞാണ് സുരേഷ്ഗോപി പുതിയ വാഗ്ദാനം നൽകിയത്.
ബി.ജെ.പി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത് വഴിയാണ് മുൻമി ഇക്കാര്യമറിയിച്ചത്.
പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞേ വീട് സ്വന്തമാവൂ. സുരേഷ് ഗോപിയുടെ ആരാധിക കൂടിയായ മുൻമിയുടെ അസാമിലെ കുടുംബം കോൺഗ്രസ് അനുഭാവികളാണ്.
വിവാഹശേഷം ആദ്യമായി നാട്ടിലേക്ക് പോകും വഴി ഗുവാഹത്തിയിലിറങ്ങിയപ്പോൾ തന്നെ മോദി ഭരണത്തിന്റെ മാറ്റം മനസിലാക്കിയെന്ന് മുൻമി പറഞ്ഞു. ഭർത്താവ് ഷാജി ബി.ജെ.പി പ്രവർത്തകനാണ്.
ഏഴ് മാസം കൊണ്ടാണ് മുൻമി മലയാളം വശമാക്കിയത്. എങ്കിലും ഹിന്ദി ചുവയുള്ള മലയാളവുമായി വോട്ടഭ്യർത്ഥിച്ചെത്തുന്ന സ്ഥാനാർത്ഥിയെ കാണുമ്പോൾ ആളുകൾക്കും ഹരം. വിവാഹം കഴിഞ്ഞപ്പോൾ തന്നെ മുൻമിയുടെ വോട്ട് ഇരിട്ടിയിലേക്ക് മാറ്റിയിരുന്നു. പേരാവൂർ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേശനാണ് ഇവരുടെ സ്ഥാനാർത്ഥിത്വം നിർദ്ദേശിച്ചത്.
അസാമിലെ ലോഹിപുർ ജില്ലയിലെ ബോഹിനാടി ഗ്രാമത്തിൽ ആശാരിപ്പണിക്കാരനായ ലീലാ ഗോഗോയിയുടെയും ഭവാനി ഗോഗോയുടെയും മകളാണ്.