ചെറുപുഴ/തളിപ്പറമ്പ്: പത്രിക സമർപ്പണത്തിനുള്ള സമയം കഴിഞ്ഞപ്പോഴും റിബൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തു തുടരുന്നത് യു.ഡി.എഫിനു തലവേദനയാകുന്നു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് മത്സരരംഗത്ത് ഉറച്ചു നിൽക്കുകയാണ്. ജില്ലയിലെ കെ. സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും ജമീലയുമായി സംസാരിച്ചുവെങ്കിലും പത്രിക പിൻവലിക്കാൻ ഇവർ തയ്യാറായില്ല. ജമീലയ്ക്കെതിരേ പാർട്ടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെറുപുഴ മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ കാവാലം കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് കത്തയച്ചു. ഒന്നാം വാർഡ് കൊല്ലാടയിലാണ് ജമീല മത്സരിക്കുന്നത്. അഞ്ചാം വാർഡ് പുളിങ്ങോത്ത് മത്സരിക്കുവാൻ പത്രിക നൽകിയ മറ്റൊരു കോൺഗ്രസ് നേതാവായ ബേബി കളത്തിലും പത്രിക പിൻവലിച്ചിട്ടില്ല.
യു.ഡി.എഫ് ഭരണത്തിലുള്ള തളിപ്പറമ്പ് നഗരസഭയിലെ മൂന്ന് വാർഡുകളിലും കോൺഗ്രസ് റിബൽ സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചില്ല.നേരത്തെ കോൺഗ്രസ് ജയിച്ച നേതാജി വാർഡ്, പൂക്കോത്ത്, പാലയാട് എന്നിവിടങ്ങളിലാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് ഭീഷണി നിലനിൽക്കുന്നത്. മറ്റു രണ്ട് വാർഡുകളിൽ പത്രിക നൽകിയ റിബലുകളെ നേതൃത്വം ഇടപെട്ട് പിൻവലിച്ചിരുന്നു.
അയ്യൻകുന്ന് പഞ്ചായത്തിലെ 4, 8,9,11 വാർഡുകളിലും യു.ഡി.എഫിന് റിബൽ ശല്യമുണ്ട്.