തലശ്ശേരി: മോഷണം പോയ താലിമാല ഒരു ദിവസത്തിന് ശേഷം വീട്ട് കോലായിൽ പ്രത്യക്ഷപ്പെട്ടു! ന്യൂ മാഹി ഏടന്നൂർ ശ്രീ നാരായണമഠത്തിന്നടുത്ത ഷാജിലയുടെ വീട്ടിൽ നിന്ന് ശനിയാഴ്ച പുലർച്ചെയാണ് നാലര പവന്റെ താലിമാല മോഷണം പോയത്. കിടപ്പുമുറിയിലെ മേശവലിപ്പിൽ അഴിച്ച് വെച്ച് വീട്ടുകാർ പുലർകാലെ വാതിൽ ചാരി നടക്കാൻ പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് മാല മോഷ്ടിക്കപ്പെട്ട വിവരമറിയുന്നത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. ഊർജിതമായ അന്വേഷണമായി 'വിരലടയാള വിദഗ്ധരും പൊലീസ് നായയുമെത്തി. അതിനിടെ ഇന്നലെ പുലർച്ചെ വീട്ടുകാർ ഉണർന്ന് വാതിൽ തുറന്നപ്പോൾ കണി കണ്ടത് കോലായിൽ കിടക്കുന്ന താലിമാലയായിരുന്നു. എന്നാൽ ഇതോടൊപ്പം മോഷ്ടിച്ച മൊബൈൽ ഫോൺ തിരിച്ചുകിട്ടിയില്ല.