തലശ്ശേരി: മുസ്ലിംലീഗ് വിമത സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി നാമ നിർദേശ പത്രിക പിൻവലിച്ചു. നഗരസഭയിലെ 48ാം വാർഡായ ചേറ്റംകുന്നിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ ഹസൻ ആണ് പത്രിക പിൻവലിച്ചത്. മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രംഗത്ത് വന്ന വനിതാ ലീഗ് നേതാവും, തലശ്ശേരി നഗരസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന പി.പി സാജിത വിമത സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങുകയായിരുന്നു. സാജിത നാമ നിർദേശ പത്രികയും സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് യോഗം സാജിതയ്ക്ക് പിന്തുണയറിയിക്കുകയായിരുന്നു. സാജിത കഴിഞ്ഞ തവണ വിജയിച്ച വാർഡാണ് ചേറ്റംകുന്ന്. രണ്ടാം സ്ഥാനത്തുള്ളതിവിടെ ബി.ജെ.പിയാണ്. ലീഗിലെ ജംഷീർ മുഹമ്മദാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.