
കണ്ണൂർ: കോൺഗ്രസിലെ കരുത്തനായ കെ.സുധാകരൻ നേരിട്ട് ഇറങ്ങിയിട്ടും ജില്ലയിൽ ചിലയിടത്തെ കോൺഗ്രസ് പ്രവർത്തകരുടെ വിമതസ്ഥാനാർത്ഥിത്വം പിൻവലിക്കാനായില്ല. മാരത്തോൺ ചർച്ചകൾ പൂർത്തിയായിട്ടും ഫലമില്ലാതെയായതോടെ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാനായില്ല.പത്രിക പിൻവലിക്കാത്ത സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾക്കെതിരേ കർശന നടപടിയെടുക്കാനാണ് കോൺഗ്രസിന്റെയും ലീഗിന്റെയും തീരുമാനം.
എൽ..ഡി..എഫിലും ബി..ജെ..പിയിലും വിമതശല്യം താരതമ്യേന കുറവാണ്. കണ്ണൂർ കോർപ്പറേഷനിൽ വിമതരെ പിൻവലിപ്പിക്കാനുള്ള കോൺഗ്രസ് നീക്കവും പാളി. അഞ്ച്ഡിവിഷനുകളിൽ വിമതർ പത്രിക പിൻവലിച്ചില്ല. പള്ളിക്കുന്ന്,ചാലാട്, തായത്തെരു,തെക്കിബസാർ,കാനത്തൂർ എന്നിവിടങ്ങളിലാണ് വിമതസ്ഥാനാർഥികളുള്ളത് തെക്കിബസാറിൽ കോൺഗ്രസ് സ്ഥാനാർഥി പിൻവലിക്കാൻ വന്നെങ്കിലും സമയം കഴിഞ്ഞതിനാൽ പറ്റിയില്ല.
ഡി.സി.സി സെക്രട്ടറി ടി. ജയകൃഷ്ണൻ മത്സരിക്കുന്ന പള്ളിക്കുന്നിൽ ബ്ലോക്ക് സെക്രട്ടറി പ്രേംപ്രകാശ് ആണ് റിബലായി മത്സരിക്കുന്നത്. ഡി.സി.സി സെക്രട്ടറി സുരേഷ്ബാബു എളയാവൂർ മത്സരിക്കുന്ന തായത്തെരുവിൽ കെ. നൗഫൽ വിമതനായി മത്സരിക്കുന്നുണ്ട്.കാനത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഷിബുഫർണാണ്ടസ്സിനെതിരെ മുൻനഗരസഭാ വാർഡ് കൗൺസിലർ കെ. സുരേശൻ സ്ഥാനാർത്ഥിയാണ്. ചാലാട് സി.പി മനോജും വിമതനായി മത്സരിക്കുന്നുണ്ട്. ഇവിടെ ലീഗിലെ കെ.പി റാഷിദ് ആണ് യു.ഡി.എഫ് സ്ഥാനാർഥി.