പയ്യന്നൂർ: നാമ നിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ വൈകീട്ട് കഴിഞ്ഞതിന് ശേഷം പയ്യന്നൂർ നഗരസഭയിൽ ആകെയുള്ള 44 വാർഡുകളിലെ മത്സര ചിത്രം തെളിഞ്ഞു. 23 വാർഡുകളിൽ എൽ.ഡി.എഫ് , യു.ഡി.എഫ്.സ്ഥാനാർത്ഥികൾ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. 19 ഇടത്ത് ബി.ജെ.പി.സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.
രണ്ടിടത്ത് മാത്രമാണ് സ്വതന്ത്രരുടെ പേരുള്ളതിനാൽ നാലു സ്ഥാനാർത്ഥികളുള്ളത്.33 - മത് വാർഡായ തായിനേരി വെസ്റ്റിൽ മുസ്ലിം ലീഗിൽ റിബിൽ സ്ഥാനാർത്ഥിത്വം ഉറപ്പായി. എം.ബഷീറാണ് ഇവിടെ സ്കൂട്ടർ ചിഹ്നത്തിൽ മത്സരിക്കുന്നത്. എം.മുഹമ്മദ് നിസാറാണ് ഇവിടെ ലീഗിനായി മത്സരിക്കുന്നത്.എൻ.സി.പി. യിലെ എ.വി.തമ്പാനാണ് എൽ.ഡി.എഫ്.സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥിയായി പി.കെ.സുജിത്ത് കുമാറും വാർഡിലുണ്ട്. കഴിഞ്ഞ പ്രാവശ്യം മുസ്ലിം ലീഗിലെ എം.കെ. ഷമീമയാണ് ഇവിടെ നിന്ന് വിജയിച്ചിരുന്നത്. ലീഗിന്റെ ശക്തികേന്ദ്രമാണെങ്കിലും പ്രാദേശിക സ്വാധീനമുള്ള ബഷീറിന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് തലവേദനയായി.
കാറമേൽ വെസ്റ്റിൽ എൽ.ഡി.എഫിലെ വി.കെ. നിഷാദും യു.ഡി.എഫിലെ സി.എച്ച്. യാസിനുമൊപ്പം ബി.ജെ.പി.യിലെ വി.പി.പ്രണവും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പി.എം.ബാലകൃഷ്ണനും മത്സരരംഗത്തുണ്ട്.നഗരസഭയിലെ 17ാം വാർഡിൽ എൽ.ഡി.എഫിലെ ടി.വിശ്വനാഥനെതിരെ മാദ്ധ്യമപ്രവർത്തകനായ പി.ടി.പ്രദീഷാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥിയായ അനിൽ കുമാറാണ് ഇവിടെ ബി.ജെ.പി.സ്ഥാനാർത്ഥി. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി വി.കെ.അമർനാഥും മത്സര രംഗത്തുണ്ട്.
44 - മത് വാർഡായ വെള്ളൂർ വെസ്റ്റിൽ യു.ഡി.എഫ്.സ്വതന്ത്രയായി വെൽഫെയർ പാർട്ടി നേതാവു കൂടിയായ പി.ടി.പി.സാജിതയാണ് രംഗത്തുള്ളത്.ടി. ദാക്ഷായണിയാണ് ഇവിടെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി.