കണ്ണൂർ: വളപട്ടണം പഞ്ചായത്തിൽ കോൺഗ്രസും ലീഗും തമ്മിൽ മത്സരം ഉറപ്പായി. മുസ്ലിം ലീഗിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ നേരിട്ട് ഇടപെട്ടിട്ടും വളപട്ടണത്തെ പ്രാദേശിക നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് കോൺഗ്രസുമായുള്ള മത്സരത്തിന് ഒരുക്കിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി അണികളിൽ കോൺഗ്രസിനോട് ഉണ്ടായ വികാരം തീവ്രമാണെന്നാണ് ലീഗ് ജില്ലാ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ഹാജിയുടെ പ്രതികരണം. എന്നാൽ ലീഗ് ജില്ലാ കമ്മറ്രിയുടെ ദൗർബല്യമാണ് വളപട്ടത്ത് ദൃശ്യമായെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും പ്രതികരിച്ചു. കഴിഞ്ഞ തവണ ആറിടത്ത് മത്സരിച്ച കോൺഗ്രസ് ആറിടത്തും ജയം നേടിയിരുന്നു. ഏഴിടത്ത് മത്സരിച്ച ലീഗിന് മൂന്ന് വാർഡുകൾ മാത്രമാണ് കിട്ടിയത്. ഇതാണ് ലീഗിൽ പ്രാദേശികമായി കടുത്ത അമർഷത്തിന് കാരണമായത്. ലീഗിന് മേൽകൈ ഉള്ള പഞ്ചായത്തിൽ പ്രസിഡന്റ് പദവി ലഭിക്കാത്തതാണ് പ്രാദേശികനേതൃത്വത്തിന് പ്രകോപനമായത്.
പത്ത് വാർഡുകളിൽ ലീഗും കോൺഗ്രസ് സ്ഥാനാർത്ഥികളും നേരിട്ട് ഏറ്റുമുട്ടും. ആകെ 13 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ മൂന്ന് വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ കൂടാതെ പ്രതികരണ വേദി സ്ഥാനാർത്ഥികളും രംഗത്തുണ്ട്. ഇത് കോൺഗ്രസിനും ലീഗിലും ഭീഷണിയാകുമെന്നാണ് വിലയിരുന്നത്. രണ്ട്, മൂന്ന്, 13 വാർഡുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്താതിരുന്നത്.