bjp

കാസർകോട്: മുന്നണി സമവാക്യങ്ങൾക്ക് വിരുദ്ധമായി തദ്ദേശ തിരഞ്ഞെടുപ്പിൽ പനത്തടി പഞ്ചായത്തിലെ കോൺഗ്രസ്- ബി.ജെ.പി ബന്ധം പരസ്യമാകുന്നു. ആരുമറിയാതെ മൂടിവെച്ചിരുന്ന രഹസ്യബാന്ധവം അങ്ങാടി പാട്ടായതോടെ കോൺഗ്രസ്, ബി.ജെ.പി നേതൃത്വങ്ങൾ പരുങ്ങലിലായി. രാഷ്ട്രീയ സഖ്യങ്ങളൊന്നും എവിടെയും ഇല്ലെന്നും പഞ്ചായത്തിലെ പ്രാദേശികമായ പ്രവർത്തകരുടെ കൂട്ടായ്മയാണ് പനത്തടിയിൽ രൂപപ്പെട്ടതെന്നുമാണ് പാർട്ടി നേതൃത്വങ്ങൾ പറയുന്നത്.

പഞ്ചായത്തിലെ മൂന്ന്, ആറ്, പതിനഞ്ച് വാർഡുകളിലാണ് കോൺഗ്രസും ബി.ജെ.പിയും പരസ്പര ധാരണയിൽ സ്ഥാനാർത്ഥികളെ നിർത്തിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ടെങ്കിലും യു.ഡി.എഫ് വിട്ട അവർ തനിച്ചാണ് മത്സരിക്കുന്നത്. ബി.ജെ.പി ബന്ധത്തിന്റെ പേരിൽ ഒമ്പത്, 13 വാർഡുകളിലെ കോൺഗ്രസ് പ്രസിഡന്റുമാർ രാജിവച്ചു സ്വതന്ത്രരായി മത്സരിക്കാൻ പത്രിക നൽകിയതോടെയാണ്‌ പ്രാദേശികമായ രാഷ്ട്രീയ ധാരണ പുറത്തുവന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. ജോസഫ്, വനിതാവിഭാഗം നേതാവ് രജിത രാജൻ എന്നിവരാണ് രാജിവെച്ചത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച ആലോചന യോഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തിയിരിന്നു. എന്നാൽ മുതിർന്ന നേതാക്കൾ ഇടപെട്ട് ഭൂരിപക്ഷ തീരുമാന പ്രകാരം സഖ്യത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു. 2010 ൽ 23 വോട്ടിനും 2015 ൽ 40 വോട്ടിനും കോൺഗ്രസ് പരാജയപ്പെട്ട പനത്തടി ടൗൺ മുതൽ കോളിച്ചാൽ വരെയുള്ള എരിഞ്ഞിലംകോട് (15) വാർഡ് ബി.ജെ.പിക്ക് കൊടുത്ത ശേഷം കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചു എന്നാണ് ആരോപണം.

കർണ്ണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന ആറാം വാർഡിൽ ബി.ജെ.പി ജയിച്ചു കയറുന്നതിന് വേണ്ടി ഉണ്ടാക്കിയ ധാരണ പ്രകാരം കോൺഗ്രസ് സ്ഥാനാർത്ഥി കൈപത്തി ചിഹ്നത്തിൽ മത്സരിക്കുന്നു. ബി.ജെ.പിക്ക് മുൻതൂക്കമുള്ള ഈ വാർഡിൽ കാലാകാലമായി കോൺഗ്രസ് വോട്ടുകൾ സി.പി.എമ്മിനാണ് ലഭിച്ചു കൊണ്ടിരുന്നത്. അത് തടയാനും ബി.ജെ.പിയെ ജയിപ്പിക്കുന്നതിനും വോട്ട് ഭിന്നിക്കണമെന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നതെന്ന് പറയുന്നു. 15 വാർഡുകളുള്ള പനത്തടിയിൽ സി.പി.എമ്മിന് 13, കോൺഗ്രസ് 2 എന്നിങ്ങനെയാണ് നിലവിൽ വാർഡുകൾ ഉണ്ടായിരുന്നത്. കോൺഗ്രസും ബി.ജെ.പിയും ചേർന്ന് മത്സരിച്ചാൽ അട്ടിമറി നടത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.