കണ്ണൂർ: കൊറ്റാളിയിൽ യുവാവിന്റെ പരാക്രമത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. റോഡരികിൽ നിർത്തിയിട്ട മൂന്ന് ബസുകൾ, വീട്ടു മുറ്റത്ത് നിർത്തിയിട്ട കാറുകൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ എന്നിവ നശിപ്പിച്ചു. കഞ്ചാവിന്റെ ലഹരിയിൽ യുവാവ് കൊറ്റാളി ജംഗ്ഷനിൽ സ്ഥാപിച്ച വിവിധ പാർട്ടിക്കാരുടെ പ്രചാരണ ബോർഡുകളും കൊറ്റാളി ശ്രീ കൂറുമ്പ ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ട ബസിന്റെ ഇരുചില്ലുകളും പൂർണമായും തകർത്തു.
ക്ഷേത്രവളപ്പിൽ കയറ്റിവച്ച രണ്ട് ബസുകൾ, കൊറ്റാളി സായൂജ്യത്തിലെ സുദിശന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുൻ ഗ്ലാസും തകർത്തു. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. കാൽനടയാത്രക്കാർക്ക് പലർക്കും കുപ്പിച്ചില്ലുകൾ കാരണം പരിക്ക് പറ്റിയിട്ടുണ്ട്. സംഭവം നടന്ന സമയം തന്നെ പൊലീസ് സ്ഥലത്തെത്തി. കൊറ്റാളി ശ്രീ കൂറുമ്പ ക്ഷേത്രത്തിലെ സി.സി ടി.വിയിൽ പ്രതിയുടെ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമണത്തിന് പിന്നിൽ അത്താഴക്കുന്ന് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഞ്ചാവിന്റെ ലഹരിയിലാണെന്നും മാനസിക വിഭ്രാന്തിയിൽ ചെയ്തതാണെന്നുമാണ് നിഗമനം. തകർത്ത ബസിന്റെ ഉടമകളായ രാജീവൻ, സുരേശൻ, രമേശൻ എന്നിവർ ടൗൺ പൊലീസിൽ പരാതി നൽകി.