കാഞ്ഞങ്ങാട്: ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള മൂവർസംഘം ബ്ളോക്ക് കമ്മിറ്റിയുടെ അഭിപ്രായമാരായാതെ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുവെന്നും മുസ്ലിം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമടക്കമുള്ള ഘടകകക്ഷികളെ പോലും മാറ്റിനിർത്തിയെന്നുമാരോപിച്ച് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ബാബു കദളിമറ്റം സ്ഥാനം രാജിവച്ചു. കൃത്യമായി കൂടിയാലോചിച്ചാണ് ഇതുവരെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. എന്നാൽ ഇത്തവണ കള്ളാറിൽ ഒരു മാനദമണ്ഡവും പാലിക്കാതെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, ഹരീഷ് പി.നായർ, നോയൽ ടോമിൻ എന്നിവരാണ് ബ്ളോക്ക് കമ്മിറ്റിയുടെ അംഗീകാരം വാങ്ങിക്കാതെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും ഇവരോടൊപ്പം ചേർന്നു. മുൻനിര നേതാക്കളെയെല്ലാം വെട്ടിവീഴ്ത്തിയാണ് കള്ളാറിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ പഞ്ചായത്ത് ഭരണം കോൺഗ്രസിന് നഷ്ടപ്പെടുമെന്നും ബാബു കദളിമറ്റം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെന്റ് പയസ് കോളേജിനെ തകർക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനെ എതിർത്തതാണ് തന്നെ വേട്ടയാടുവാൻ കാരണമെന്നും കദളിമറ്റം ആരോപിച്ചു. കള്ളാർ പഞ്ചായത്തിലെ 14 വാർഡുകളിലും ബളാൽ പഞ്ചായത്തിലെ 16 വാർഡുകളും ഡി.സി.സി പ്രസിഡന്റ് പിടിച്ചെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.