പൂവാലംകൈ (കാസർകോട്): തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു വേണമെങ്കിൽ ആധുനിക രീതിയിലുള്ള ശ്മശാനം ആവശ്യപ്പെടുകയാണ് പള്ളിക്കര, പൂവാലംകൈ, വട്ടപ്പൊയിൽ, മൂന്നാംകുറ്റി തുടങ്ങിയ പ്രദേശങ്ങളിലെ സമുദായ കൂട്ടായ്മയിൽ അംഗങ്ങളായ വോട്ടർമാർ. തിരഞ്ഞെടുപ്പിൽ ഇവരുടെ 500 ഓളം വരുന്ന കുടുംബങ്ങളിലെ വോട്ടർമാർ നിർണ്ണായക ശക്തിയാണ്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം, യാദവസഭ, വിശ്വകർമ്മ എന്നീ നാലു സമുദായ സംഘടനകൾ യോജിച്ചാണ് ആധുനിക ശ്മശാനത്തിന് വേണ്ടി മാസങ്ങളായി ശബ്ദമുയർത്തുന്നത്. കാര്യങ്കോട് കുന്നിന്റെ മുകളിലാണ് ശ്മാശനമുള്ളത്. അവിടേക്ക് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. അതിനാലാണ് നാട്ടിൽ തന്നെ ശ്മശാനം കിട്ടുന്നതിനായി സമുദായ സംഘടനകൾ ഒന്നിച്ചത്. ശ്മശാനം സ്ഥാപിച്ചു കിട്ടുന്നതിന് മുന്നോടിയായി അയ്യപ്പൻകോട്ട കുന്നിന്റെ മുകളിൽ 90 സെന്റ് സ്ഥലം വാങ്ങിച്ചു. സ്ഥലം അളന്നു തിട്ടപ്പെടുത്തിയ ശേഷം കൂട്ടായി എടുത്ത തീരുമാനം അനുസരിച്ചു നീലേശ്വരം നഗരസഭാ ഓഫീസിൽ പോയി ചെയർമാനെയും കൗൺസിലർമാരെയും നേരിട്ടുകണ്ടു പറയുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ നിവേദനത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചതെന്നാണ് ആരോപണം.

ഈ വർഷം ഫെബ്രുവരി 21 ന് നൽകിയ നിവേദനം മാസങ്ങളോളം നഗരസഭാ ഓഫീസിൽ പറന്നുനടക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. ഓഫീസിൽ നിന്നും അപ്രത്യക്ഷമായ ശ്മാശാന നിവേദനം ഒടുവിൽ എൻജിനീയറിംഗ് വിഭാഗത്തിലാണ് കണ്ടെത്തിയത്. ഭരണസമിതി പാസാക്കാതെ നിവേദനം ആ വിഭാഗത്തിലേക്ക് നടപടിക്കായി കൊടുത്ത കാര്യവും അജ്ഞാതമാണ്. നഗരസഭ തീരുമാനം എടുക്കാൻ മാസങ്ങളോളം നീട്ടികൊണ്ടുപോയതിനെ തുടർന്ന് ശ്മാശാനത്തിന്റെ കാര്യം അനിശ്ചിതത്വത്തിലായി. അതിനിടെ ഭരണസമിതിയുടെ കാലാവധി കഴിയുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് ശ്മശാനം തിരഞ്ഞെടുപ്പിൽ ഒരു വിഷയമാക്കാൻ സമുദായ സംഘടനകളും ആലോചിച്ചത്.

കെ.ടി സുകുമാരൻ നമ്പ്യാർ (എൻ.എസ്.എസ്), കെ. സുകുമാരൻ (എസ്.എൻ.ഡി.പി യോഗം), പി. കുഞ്ഞികൃഷ്ണൻ (യാദവസഭ), ഗോപാലൻ (വിശ്വകർമ്മ) എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ഇതിന് വേണ്ടി മുന്നിട്ടിറങ്ങുന്നത്.


ആധുനിക ശ്മശാനം എല്ലാവരുടെയും ആവശ്യമാണ്. അതിനെതിരെ രാഷ്ട്രീയക്കാരും ഭരിക്കുന്നവരും പുറംതിരിഞ്ഞു നിൽക്കരുത്. സ്വന്തമായി സ്ഥലം കണ്ടെത്തിയതിന് ശേഷമാണ് ഞങ്ങൾ അപേക്ഷ നൽകിയത്. തിരഞ്ഞെടുപ്പിൽ ഞങ്ങളെ സംബന്ധിച്ച് ഇതൊരു വിഷയം തന്നെയാണ്.


കെ.ടി സുകുമാരൻ നമ്പ്യാർ (എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് )


കാര്യങ്കോട് ശ്മാശാനത്തിലേക്ക് പോകാൻ കിലോമീറ്ററുകൾ ദൂരമുണ്ട്. അധികൃതർ മനസുവച്ചിരുന്നെങ്കിൽ അയ്യപ്പൻകോട്ടയിൽ ആധുനിക ശ്മശാനം പണിയാൻ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സാധിക്കുമായിരുന്നു. വോട്ടിന് വരുന്നവർ ഇക്കാര്യം പരിഗണിക്കണം.

കെ. സുകുമാരൻ (എസ്.എൻ.ഡി.പി യോഗം പൂവാലംകൈ ശാഖ പ്രസിഡന്റ്)