പടന്നക്കാട്: തീരദേശ റോഡായ പടന്നക്കാട് - ശവപ്പറമ്പ് പാത കടന്നുപോകുന്ന ഒഴിഞ്ഞവളപ്പിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്ത് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി. റേഷൻ ഷോപ്പിൽ സാധനം വാങ്ങാൻ നിന്ന ഒരു പുരുഷനെയും മൂന്ന് സ്ത്രീകളെയും ഇടിച്ച് അടുത്ത ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഒരു സ്‌കൂട്ടിയും ബൈക്ക് യാത്രക്കാരനെയും ഇടിച്ചിട്ടുണ്ട്. നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കല്ലൂരാവി സ്വദേശിയായ കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

കാർ അപകടം സംഭവിച്ച് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതോടെ വിച്ഛേദിക്കപ്പെട്ട വൈദ്യുതിബന്ധം കുറഞ്ഞനേരം കൊണ്ട് പുനഃസ്ഥാപിച്ച കെ.എസ്.ഇ.ബി ജീവനക്കാരെ നാട്ടുകാർ അഭിനന്ദിച്ചു. പടന്നക്കാട് സെക്ഷൻ സബ് എൻജിനീയർമാരായ സുഭാഷ്, പ്രസാദ് , ഓവർസീയർ രാജൻ, ലൈൻമാൻമാരായ പങ്കജാക്ഷൻ, പ്രേമൻ തുടങ്ങിയ ജീവനക്കാരാണ് നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയത്.