കണ്ണൂർ: അഴീക്കോട്, വളപട്ടണം പഞ്ചായത്തുകളും ചിറക്കൽ പഞ്ചായത്തിലെ 19 മുതൽ 23 വരെയുള്ള വാർഡുകളും ഉൾപ്പെട്ടതാണ് അഴീക്കോട് ഡിവിഷൻ. പൊതുവെ ഇടതുപക്ഷത്തിനൊപ്പം തന്നെയാണ് അഴീക്കോട്. മത്സ്യത്തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളും കൈത്തറി തൊഴിലാളികളും ഏറെയുള്ള പ്രദേശമാണ് ഇവിടം.
സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നാണെങ്കിലും അഴീക്കോട് നിയമസഭ മണ്ഡലം യു.ഡി.എഫിന്റെ കൈയിലാണ്.അഴീക്കൽ തുറമുഖം ഉൾപ്പെടുന്ന ഡിവിഷനാണ് അഴീക്കോട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.പി. ജയപാലൻ 18,893 വോട്ടിനാണ് ഇവിടെ നിന്നും വിജയിച്ചത്. ഇക്കുറി വനിതാ സംവരണമാണ്. മൂന്നു മുന്നണികളും സ്ഥാനം ഉറപ്പിക്കാനുള്ള പ്രചരണ തിരക്കിലാണ് ഇപ്പോൾ.
കണ്ണൂർ ബാറിലെ അഭിഭാഷക കൂടിയായ അഡ്വ. ടി. സരളയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഴീക്കോട് ഏഴാം വാർഡിൽ നിന്നും വിജയിച്ച ടി. മാലിനിയെ കോൺഗ്രസും ഇറക്കി. മഹിളാമോർച്ച സംസ്ഥാന സമിതി അംഗം പി. സുജാതയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
ഡിവിഷനിൽ നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽ.ഡി.എഫ് പ്രചരണം. റോഡ് വികസനവും വളപട്ടണം ഹയർസെക്കൻഡറി ഉൾപ്പെടെ മൂന്ന് സ്കൂളുകൾ നവീകരിച്ചതുമെല്ലാo ഇടതുപക്ഷം എടുത്തുപറയുന്നുണ്ട്. എന്നാൽ വേണ്ടത്ര വികസനം ഡിവിഷനിൽ ഉണ്ടായിട്ടില്ലെന്ന വാദവുമായാണ് യു.ഡി.എഫ് രംഗത്തിറങ്ങുന്നത്. തങ്ങൾക്ക് അനുകൂല സാഹചര്യമാണെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി പ്രചരണം ശക്തിപ്പെടുത്തുന്നത് .
അഴീക്കോടിലെ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണ്.ഡിവിഷനിൽ പല വികസന പ്രവർത്തനങ്ങളും ഇടതുപക്ഷം നടപ്പിലാക്കിയിട്ടുണ്ട്.നല്ല വിജയ പ്രതീക്ഷയുണ്ട്.
അഡ്വ.ടി. സരള, എൽ.ഡി.എഫ്
കഴിഞ്ഞ അഞ്ചുവർഷമായി ഡിവിഷനിൽ മതിയായ വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. ഇതിനൊരു മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.വിജയ പ്രതീക്ഷയിൽ തന്നെയാണ്
ടി. മാലിനി, യു.ഡി.എഫ്
ബി.ജെ.പിക്ക് അനുകൂല സാഹചര്യമാണുളളത്. വിജയിക്കുമെന്ന പ്രതീക്ഷയിൽ പ്രചരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. കഴിഞ്ഞ ഭരണത്തിൻ നിന്നെല്ലാം ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
പി.സുജാത, എൻ.ഡി.എ