കാഞ്ഞങ്ങാട്: ജില്ലാ സ്‌പോർട്സ് കാൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പിരിച്ചുവിടണമെന്ന് അന്വേഷണ റിപ്പോർട്ട്. ജില്ലാ സ്‌പോർട്സ് കൗൺസിലിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സ്‌പോർട്സ് കൗൺസിൽ നിയോഗിച്ച മൂന്നംഗ സമിതി അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് ശുപാർശ.
അസോസിയേഷന്റെ കീഴിൽ 18 കളരികൾ പ്രവർത്തിക്കുന്നുണ്ടെന്ന രേഖ കൗൺസിലിന് നൽകിയിട്ടുണ്ടെങ്കിലും 3 കളരികൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നാണ് മനസിലാക്കാനായത്. അസോസിയേഷൻ പറയുന്ന ചില കളരി സംഘങ്ങളെക്കുറിച്ച് അതാത് നാട്ടിലുള്ള ആളുകൾ പോലും ആദ്യമായാണ് കേൾക്കുന്നത്. അസോസിയേഷൻ ചിറ്റാരിക്കാൽ സെന്റ് തോമസ് എൽ.പി. സ്‌കൂളിൽ നടത്തിയ ജില്ലാതല മത്സരത്തിനും കൗൺസിലിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല.
ജില്ലയിൽ 26 സജീവ കളരികൾ ഉണ്ടായിട്ടാണ് 3 കളരികളുമായി അസോസിയേഷൻ പ്രവർത്തിക്കുന്നതെന്നതും 450 കളരി വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷം മത്സരിക്കാൻ അവസരം നൽകാത്തത് ഗുരുതര വീഴ്ചയായി അന്വേഷണ കമ്മിറ്റി വിലയിരുത്തുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും മത്സരിക്കാൻ അവസരം നിഷേധിച്ച സംഭവത്തിൽ ജില്ലാ സ്‌പോർട്സ് കൗൺസിലിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.