കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ ചികിത്സയിലായിരുന്ന എം .സി. ഖമറുദ്ദീൻ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ മതിയായ ചികിത്സ ഉറപ്പു വരുത്താനാണിത്.
ജുവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളിൽ കൂടി ഖമറുദ്ദീനെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്താൻ ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേട്ട് കോടതി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നൽകി. ഖമറുദ്ദീന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി നിരസിച്ചിരുന്നു. അതിനിടെ, ഖമറുദ്ദീനും ടി.കെ. പൂക്കോയ തങ്ങൾക്കുമെതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതുവരെ 150 ലധികം കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തത്.
രണ്ടു നേതാക്കൾ
നിരീക്ഷണത്തിൽ
ഖമറുദ്ദീന്റെ കൂട്ടു പ്രതിയായ ടി.കെ. പൂക്കോയ തങ്ങളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ടു രാഷ്ട്രീയ നേതാക്കളെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നിരീക്ഷണത്തിലാക്കി. ഇവരുടെ മൊബൈൽ ഫോൺ വിളികളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ആർ .എസ്. പി ജില്ലാ നേതാവിനെയും, പഞ്ചായത്ത് മെമ്പറായിരുന്ന ലീഗ് നേതാവിനെയുമാണ് നിരീക്ഷിക്കുന്നത്. ഖമറുദ്ദീൻ അറസ്റ്റിലായ ദിവസം പൂക്കോയ തങ്ങളെ കാറിൽ കയറ്റി കൊണ്ടുപോയി സുരക്ഷിത താവളത്തിൽ എത്തിച്ചത് ഇരുവരും ചേർന്നാണെന്നാണ് വിവരം.